പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവ് ആലക്കാട് ബിജുവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

Update: 2022-08-23 15:42 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ നിരവധി കേസുകളിലെ പ്രതിയായ ആര്‍എസ്എസ് നേതാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. ആര്‍എസ്എസ് മുന്‍ പയ്യന്നൂര്‍ താലൂക്ക് കാര്യവാഹകും കൊലക്കേസ് പ്രതിയുമായ ആലക്കാട് ബിജുവെന്ന കാനാമീത്തലെ വീട്ടില്‍ ബിജുവിനെയാ(44)ണ് പെരിങ്ങോം പൊലിസ് ജയിലില്‍ അടച്ചത്.

എട്ടോളം കേസുകളിലെ പ്രതിയായ ബിജുവിനെതിരെ കാപ്പചുമത്തുന്നതിനായി പെരിങ്ങോം ഇന്‍സ്‌പെക്ടര്‍ പി സുഭാഷ് റിപോര്‍ട്ട് ചെയ്തിരുന്നു. ഈ വിവരമറിഞ്ഞ ബിജു കാപ്പ ട്രിബ്യൂണിലിനെ സമീപിച്ചുവെങ്കിലും ഇയാളുടെ വാദം തള്ളുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് പെരിങ്ങോം പി യദുകൃഷ്ണന്‍ ബിജുവിനെ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കി ജയിലിലടച്ചത്.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ കുന്നരുവിലെ ധനരാജ് വധക്കേസിലെ പ്രതിയായ ഇയാള്‍ വധശ്രമം ഉള്‍പ്പെടെ മറ്റു നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണ്. കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍വച്ച് ബോംബ് നിര്‍മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തി തകര്‍ന്നിരുന്നു. ബിജുവിന്റെ വീട്ടില്‍വച്ച് ഉണ്ടായ മറ്റൊരു സ്‌ഫോടനത്തില്‍ സ്വന്തം അമ്മയ്ക്കും പരിക്കേറ്റിരുന്നു.

Tags:    

Similar News