സമസ്ത ജനറല്‍ സെക്രട്ടറിയെ തടഞ്ഞ സംഭവം: എസ്‌വൈഎസ് നേതാവിനെ സസ്‌പെന്റ് ചെയ്തു

തന്നെ തടഞ്ഞതില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉറച്ചു നിന്നതായാണ് വിവരം.

Update: 2021-01-21 02:06 GMT
മലപ്പുറം: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താനെത്തിയ സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞ സംഭവത്തില്‍ സുന്നി യുജന സംഘം (എസ്‌വൈഎസ്) നേതാവിന് സസ്‌പെന്‍ഷന്‍. എസ്്‌വൈഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മലയമ്മ അബൂബക്കര്‍ ഫൈസിയെ ആണ് സമസ്ത സസ്‌പെന്റ് ചെയ്തത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാണിച്ചാണ് നടപടി. സമസ്തയുമായി ബന്ധപ്പെട്ടു ഉയര്‍ന്നു വന്ന വിവാദങ്ങള്‍ അന്വേഷിക്കാന്‍ സമസ്ത മുശാവറ നിയോഗിച്ച സമിതി ഇന്നലെ മലപ്പുറത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിനു ശേഷമാണ് നടപടിയെടുത്തത്.


മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി മലപ്പുറത്ത്‌വച്ച് നിശ്ചയിച്ച കൂടിക്കാഴ്ചയില്‍ നിന്ന് സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാരെ ചിലര്‍ ഇടപെട്ട് തടഞ്ഞിരുന്നു. ഇതില്‍ അബൂബക്കര്‍ ഫൈസിക്ക് പങ്കുണ്ടെന്നും സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നുമാണ് അന്വേഷണ സമിതി കണ്ടെത്തിയത്. തന്നെ തടഞ്ഞതില്‍ നടപടി വേണമെന്ന ആവശ്യത്തില്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉറച്ചു നിന്നതായാണ് വിവരം.


സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് മുസ്‌ലിം ലീഗ് നേതാവ് മായിന്‍ ഹാജിക്കെതിരെയും നടപടി വേണമെന്ന് സമസ്തയിലെ ഒരു വിഭാഗത്തില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു. വിശദീകരണം ചോദിക്കാന്‍ സമിതി യോഗത്തിലേക്ക് മായീന്‍ ഹാജിയെയും വിളിച്ചു വരുത്തി. എന്നാല്‍, മായിന്‍ ഹാജിക്കെതിരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. മുസ്‌ലിം ലീഗ് നേതാവു കൂടിയായ മായിന്‍ ഹാജിക്കെതിരേ നടപടിയെടുക്കുന്നത് സമസ്തയും ലീഗും തമ്മില്‍ ഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ ശക്തമാകാന്‍ കാരണമാകും. ഇതിനാലാണ് നടപടിയെടുക്കാത്തത് എന്നാണ് അറിയുന്നത്.




Tags:    

Similar News