അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
രക്ഷിതാക്കള്‍ അങ്കണവാടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കുട്ടി വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്
തിരുവനന്തപുരം: അങ്കണവാടിയില്‍ വീണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. അധ്യാപിക ശുഭലക്ഷ്മി, ഹെല്‍പ്പര്‍ ലത എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.അങ്കണവാടിയില്‍ വീണ മൂന്നുവയസുകാരിയുടെ കഴുത്തിന് പിന്നില്‍ ക്ഷതമേല്‍ക്കുകയായിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞ് എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം വൈഗ അങ്കണവാടിയില്‍ നിന്നും വീട്ടിലെത്തിയപ്പോഴാണ് കുട്ടി വീണ വിവരം രക്ഷിതാക്കള്‍ അറിയുന്നത്. വീട്ടില്‍ എത്തിയ ഉടനെ കുട്ടി നിര്‍ത്താതെ കരയുകയും ഛര്‍ദ്ദിക്കുകയും ചെയ്തു. പരിശോധനയില്‍ തലയുടെ പിറകില്‍ കഴുത്തിനോട് ചേര്‍ന്ന ഭാഗം മുഴച്ചിരിക്കുന്നത് കണ്ടു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കുഞ്ഞിന്റെ തലയില്‍ രക്തം കട്ടപിടിക്കുകയും തോളെല്ല് പൊട്ടുകയും ചെയ്തിട്ടുണ്ട്.
രക്ഷിതാക്കള്‍ അങ്കണവാടി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കുട്ടി വീണ വിവരം അറിയിക്കാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്.സംഭവത്തില്‍ ബാലാവകാശ കമീഷന്‍ സ്വമേധയാ കേസേടുത്തു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ശിശു ക്ഷേമ സമിതി പരിശോധനയ്‌ക്കെത്തിയിരുന്നു. അങ്കണവാടി അധികൃതരുടെ ഗുരുതര വീഴ്ചയാണെന്ന കണ്ടെത്തലിലാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.