അഫ്ഗാനില്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന; മെഡിക്കല്‍ വസ്തുക്കളുടെ വിതരണം തടസ്സപ്പെടരുതെന്ന് ലോകാരോഗ്യ സംഘടന
ജനീവ: അഫ്ഗാനില്‍ കഴിഞ്ഞ ഒരാഴ്ചയായി സംഘര്‍ഷവുമായി ബന്ധപ്പെട്ട് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ലോകാരോഗ്യ സംഘടന. സംഘടനയുടെ ആരോഗ്യകേന്ദ്രങ്ങളില്‍ ചികില്‍സ തേടിയിരുന്നവരുടെ എണ്ണം കഴിഞ്ഞ മാസം 14,000 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 4,057 ആയിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളുടെ ഭാഗമാണ് ഇത്.
താലിബാന്‍ അധികാരം പിടിച്ചെടുത്തതോടെ ഈ സംഘര്‍ഷം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ അഫ്ഗാനിലേക്ക് ആരോഗ്യസംവിധാനങ്ങളും ഉപകരണങ്ങളും മരുന്നുകളും എത്തേണ്ടത് പ്രധാനമാണെന്നും അത് തടസ്സപ്പെടാതെ സൂക്ഷിക്കേണ്ടത് അന്താരാഷ്ട്ര സമൂഹത്തിന്റെ ബാധ്യതയാണെന്നും ലോകാരോഗ്യ സംഘടനയുടെ റീജിനല്‍ ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ മന്‍ധാരി പറഞ്ഞു.
കഴിഞ്ഞ മാസം ഉണ്ടായ സംഘര്‍ഷങ്ങള്‍ ഇപ്പോള്‍ത്തന്നെ കടുത്ത സമ്മര്‍ദ്ദം നിലനില്‍ക്കുന്ന ആരോഗ്യമേഖലയില്‍ അത് വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. ഈ സമയത്ത് മരുന്നും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും കൂടുതല്‍ ആവശ്യമായി വരും. ഇക്കാര്യത്തിലും ലോകാരോഗ്യസംഘടന അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ തേടി.