sreevidya kaladi
മുന്നോട്ടുള്ള കുതിപ്പിനേക്കാള്‍ വേഗത്തിലുള്ള പിന്‍നടത്തമായിരുന്നു 2024ല്‍ രാജ്യത്തിന്റേത് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തി അല്‍പ്പവുമില്ല. നരേന്ദ്ര മോദിയുടെ മൂന്നാമൂഴം ആ പിന്‍നടത്തത്തിന് ഗതിവേഗം കൂട്ടിയെന്നു പറയുന്നതാവും ശരി. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലുമെല്ലാം മറയില്ലാത്ത വര്‍ഗീയതയാണ് നരേന്ദ്ര മോദിയും അമിത് ഷായും ഉള്‍പ്പെടെ ബിജെപിയുടെ ഉന്നതനേതാക്കള്‍ പോലും പ്രധാന പ്രചാരണായുധമാക്കിയത്. വിദ്വേഷ പ്രചാരണങ്ങളും ആര്‍എസ്എസ് ആള്‍ക്കൂട്ട കൊലകളും ഹിന്ദുത്വ ഗോരക്ഷക ആക്രമണങ്ങളും ബുള്‍ഡോസര്‍ രാജും മുസ്ലിം പള്ളികളിലെ സര്‍വേകളും മണിപ്പൂരില്‍ ഇനിയുമണയാത്ത വര്‍ഗീയാഗ്‌നിയും
ഗൗതം അദാനിക്ക് വില്‍പ്പനയ്ക്കു വച്ച ഇന്ത്യയുമെല്ലാം ചേര്‍ന്ന് ഇരുള്‍മുറ്റിയതാണ് രാജ്യത്തിന്റെ ചിത്രം. ഭരണഘടനാ സ്ഥാപനങ്ങളായ ഇലക്ഷന്‍ കമ്മീഷനും ജുഡീഷ്യറിയും മുന്‍പെന്ന പോലെ പിന്നിട്ട കൊല്ലവും ചിലപ്പോഴെങ്കിലും നിഷ്പക്ഷത കൈവെടിഞ്ഞ് സുതാര്യതയ്ക്ക് കളങ്കം ചാര്‍ത്തിയതും അശുഭ ലക്ഷണമാണെന്ന് പറയാതെ വയ്യ. ബാബരി മസ്ജിദ് കേസിലെ വിധിയുമായി ബന്ധപ്പെട്ട് മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നടത്തിയ വിവാദ പരാമര്‍ശങ്ങളും 1991ലെ ആരാധനാലയ നിയമവുമായി ബന്ധപ്പെട്ട നിരീക്ഷണങ്ങളുമെല്ലാം കടുത്ത വിമര്‍ശനങ്ങളിലേക്കാണ് വഴി തുറന്നത്. ദ വയറിനു വേണ്ടി കരണ്‍ ഥാപര്‍ നടത്തിയ അഭിമുഖത്തില്‍ മുതിര്‍ന്ന അഭിഭാഷകനും നിയമവിശാരദനുമായ ദുഷ്യന്ത് ദവെ നടത്തിയ അഭിപ്രായ പ്രകടനങ്ങളിലും ജസ്റ്റിസ് ചന്ദ്രചൂഡിനെതിരേ ആഞ്ഞടിച്ചിരുന്നു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ശേഖര്‍ കുമാര്‍ യാദവിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം സുപ്രിംകോടതി കൊളീജിയത്തിന്റെ കടുത്ത ശാസനയിലെത്തി. ഇംപീച്ച്‌മെന്റ് നടപടിയിലേക്ക് നീങ്ങുമോയെന്നാണ് നിയമവൃത്തങ്ങളും പൗരസമൂഹവും ഉറ്റു നോക്കുന്നത്. ഭരണഘടനാ ശില്‍പ്പിയായ ഡോക്ടര്‍ ബാബാ സാഹേബ് അംബേദ്കര്‍ക്കെതിരേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അവഹേളന പരാമര്‍ശവും രാജ്യഹൃദയത്തില്‍ മുറിവേല്‍പ്പിച്ചു. ഈ ഇരുളിനിടയിലും ബുള്‍ഡോസര്‍ രാജിനും ആരാധനാലയ സംരക്ഷണ നിയമത്തിനെതിരായ നീക്കത്തിനും എതിരേ പരമോന്നത നീതിപീഠത്തിന്റെ വിധികളും 18ാം ലോക്സഭയില്‍ താരതമ്യേന മെച്ചപ്പെട്ട പ്രതിപക്ഷ സാന്നിധ്യവും ഒളിംപിക്‌സില്‍ രാജ്യത്തിനുണ്ടായ പരിമിത നേട്ടങ്ങളുമെല്ലാം പ്രതീക്ഷയുടെ മിന്നലാട്ടങ്ങളായി അവശേഷിക്കുന്നു. അപ്പോഴും രാജ്യത്തിന്റെ വര്‍ത്തമാനാവസ്ഥയില്‍ ആധിപത്യം വാഴുന്ന അരുതായ്മകള്‍ ശോഭനമായ ഭാവിയെക്കുറിച്ച ശുഭസൂചനയല്ല, മറിച്ച് വിനാശകരമായ വിപദ്‌സന്ധികളെ കുറിച്ച അപായ മണിമുഴക്കമാണ് എന്നു തീര്‍ച്ച.
രാഷ്ട്രീയ മാറ്റങ്ങളും വിവാദങ്ങളും പ്രവചനങ്ങള്‍ പിഴച്ച തിരഞ്ഞെടുപ്പ് ഫലങ്ങളും ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വര്‍ഗീയനടപടികളും കൊണ്ട് ശ്രദ്ധേയമായ വര്‍ഷം കൂടിയായിരുന്നു 2024. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് വരെ എത്തിനിന്ന വര്‍ഷം. 2025നെ സ്വാഗതം ചെയ്യുന്ന വേളയില്‍ പടിയിറങ്ങിയ വര്‍ഷത്തിലേക്ക് ഹ്രസ്വമായ ഒരു തിരിഞ്ഞുനോട്ടം നടത്തുകയാണിവിടെ.
ലോക്സഭാ, നിയമസഭാ തിരഞ്ഞടുപ്പുകള്‍
2024 ഏപ്രില്‍ 19 നും ജൂണ്‍ 1 നും ഇടയില്‍ ഏഴ് ഘട്ടങ്ങളിലായാണ് 18ാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. 'അബ്കി ബാര്‍, ചാര്‍ സൗ പാര്‍' കൈവരിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി അധികാരം നിലനിര്‍ത്തി. തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമ്പേ തറ പറ്റിയ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നിരയുടെ മുന്നേറ്റം പ്രതീക്ഷ നല്‍കുന്നതായിരുന്നു. മുന്‍തവണത്തേതില്‍ നിന്ന് ഭിന്നമായി ഇന്‍ഡ്യ സഖ്യം ലോക്സഭയിലെ പ്രതിപക്ഷമായി.
2024ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്നതായിരുന്നു. സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം, ഭരണകക്ഷിയായ മഹായുതിക്ക് വന്‍ വിജയം ലഭിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കരകയറിയ ബിജെപി 132 സീറ്റുകളും ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയും അജിത് പവാറിന്റെ എന്‍സിപിയും യഥാക്രമം 57 സീറ്റുകളും 41 സീറ്റുകളും നേടി. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ശരദ് പവാറിന്റെ എന്‍സിപി കേവലം 10 സീറ്റുകള്‍ നേടിയപ്പോള്‍ ഉദ്ധവ് താക്കറെയുടെ പാര്‍ട്ടി 20 സീറ്റുകളിലൊതുങ്ങി.
2019ല്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പ്രകാരം സംസ്ഥാന പദവി ഇല്ലാതായ കാശ്മീരിനെ സംബന്ധിച്ച് ഒരു ദശാബ്ദത്തിനു ശേഷം നടന്ന ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് സുപ്രധാനമായിരുന്നു. ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സ് 42 സീറ്റുകള്‍ നേടി, ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. ബിജെപി 29 സീറ്റുകള്‍ നേടിയപ്പോള്‍ മെഹബൂബ മുഫ്ത്തിയുടെ പിഡിപി 3 സീറ്റിലേക്ക് ചുരുങ്ങി.
ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന സര്‍വേ പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് ഹരിയാനയില്‍ ബിജെപി ഭരണത്തുടര്‍ച്ച കൈവരിച്ചത്. മനോഹര്‍ ലാല്‍ ഖട്ടാറിനു പകരം നയബ് സിങ് സൈനി മുഖ്യമന്ത്രിയായി. അരുണാചല്‍ പ്രദേശിലും ബിജെപി സഖ്യം ഭരണത്തുടര്‍ച്ച നേടി. ഒഡീഷ ബിജെപി പിടിച്ചെടുത്തപ്പോള്‍ ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും ആന്ധ്രപ്രദേശില്‍ ടിഡിപിയും ഭരണം കൈക്കലാക്കി.
അരവിന്ദ് കെജ്രിവാള്‍, ഹേമന്ദ് സോറന്‍ എന്നീ മുഖ്യമന്ത്രിമാര്‍ ജയിലിലായ വര്‍ഷം കൂടിയായിരുന്നു 2024. രണ്ടു പേരും പിന്നീട് ജയില്‍ മോചിതരായി. സോറന്‍ ജനവിധിയിലൂടെ വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ഡല്‍ഹിയില്‍ അതിഷിയെ മുഖ്യമന്ത്രിയായി വാഴിച്ച് ജനവിധി നേരിടാന്‍ കാത്തിരിക്കുകയാണ് കെജ്രിവാള്‍. പ്രിയങ്ക ഗാന്ധി വയനാട്ടില്‍ നിന്നുള്ള തന്റെ കന്നി വിജയത്തിലൂടെ ലോക്‌സഭയിലെത്തി.
മണിപ്പൂര്‍ പ്രശ്‌നം
2023 ല്‍ തുടങ്ങിയ മണിപ്പൂര്‍ പ്രശ്‌നം അവസാനിക്കാതെ 2024 ഒടുക്കം വരെ നീണ്ട് പോയത് പരിഹരിക്കപ്പെടാത്ത രാഷ്ട്രീയ വിഷയത്തിന്റെ അടഞ്ഞ അധ്യായങ്ങളിലൊന്നായി തീര്‍ന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനമായിട്ടും വര്‍ഗീയാ സ്വാസ്ഥ്യത്തിന്റെ തീയണയ്ക്കാന്‍ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാതിരുന്നതും വലിയ വിമര്‍ശനത്തിനു വഴിവച്ചു.
വിവാദങ്ങള്‍
മുന്‍വര്‍ഷത്തെ പോലെ തന്നെ വിവാദങ്ങളൊഴിഞ്ഞ നേരം 2024 ലും ഉണ്ടായിട്ടില്ല, നീറ്റ് വിവാദം മുതല്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച വരെയുള്ള ക്രമക്കേടുകള്‍ ഇന്ത്യയുടെ മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയെ കരിനിഴലില്‍ നിര്‍ത്തി.
ഡീപ് ഫെയ്ക് സാങ്കേതികതയുടെ ദുരുപയോഗത്തിനും പോയ കൊല്ലം സാക്ഷ്യം വഹിച്ചു. ബോളിവുഡ് താരങ്ങളായിരുന്നു ഇതിന് ഇരയായതില്‍ ഏറെയും. രശ്മിക മന്ദാന, ആലിയ ഭട്ട്, ദീപിക പദുക്കോണ്‍ തുടങ്ങിയ താരങ്ങളുടെ വ്യാജ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. വിനോദ മേഖലയില്‍ ഇത്തരം സാങ്കേതികതകളുടെ സുരക്ഷ, സ്വകാര്യത, ധാര്‍മികത എന്നിവയെക്കുറിച്ച് വലിയ ചോദ്യങ്ങളാണ് ഈ സംഭവം ഉയര്‍ത്തിയത്.
രാജ്യത്തെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തെക്കുറിച്ചും വിവാദങ്ങളുയര്‍ന്നു. തിരുപ്പതിയിലെ പ്രധാന പ്രസാദമായ ലഡുവില്‍ മൃഗക്കൊഴുപ്പുകളും നിലവാരമില്ലാത്ത നെയ്യും മറ്റ് വസ്തുക്കളും ഉപയോഗിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു തന്നെയാണ്.
ഇലക്ട്രല്‍ ബോണ്ട് വിവാദവും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉണ്ടാക്കിയ രാഷ്ട്രീയ കോലാഹലങ്ങളും ചെറുതായിരുന്നില്ല. ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപിയുടെ അഴിമതി രേഖകള്‍ പുറത്തു വന്നപ്പോള്‍ ഫെഡറലിസത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല് സൃഷ്ടിച്ച പ്രതിഷേധം ആളിക്കത്തി. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് അത് പാസാക്കിയെടുക്കാനായില്ല. സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ് പ്രസ്തുത ബില്ല്.ഏറെ വിവാദമായ വഖ്ഫ് ഭേദഗതി ബില്ലും സംയുക്ത പാര്‍ലമെന്ററി സമിതിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്.
ന്യൂനപക്ഷങ്ങള്‍ക്കൊപ്പമാണെന്ന് പറഞ്ഞ് വാഗ്വാദം നടത്തുന്ന ബിജെപിയുടെ യഥാര്‍ത്ഥ മുഖം കൃത്യമായി വെളിപ്പെട്ട വര്‍ഷം കൂടിയായിരുന്നു ഇക്കഴിഞ്ഞത്. ബാബരി മസ്ജിദ് തകര്‍ത്ത് ആ ഭൂമിയില്‍ നിര്‍മിച്ച അയോധ്യയിലെ രാമാക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയതും വഖ്ഫ് ഭേദഗതി ബില്ല് മുന്നോട്ടു കൊണ്ടുവന്ന് നൂനപക്ഷങ്ങളുടെ വിശ്വാസത്തിലേക്ക് ഇടിച്ചു കയറിയതും മധ്യ പ്രദേശിലെ സംഭലില്‍ അമ്പലം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നു പറഞ്ഞ് നടത്തിയ ബുള്‍ഡോസര്‍ രാജും 6 മുസ്ലിംകള്‍ കൊല്ലപ്പെടാനിടയായ പോലിസ് വെടിവയ്പും സംഘപരിവാരം രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന സംഭവ വികാസങ്ങളായിരുന്നു. ഇന്ത്യന്‍ ജയിലറകളില്‍ ദീര്‍ഘകാല തടവനുഭവിക്കുന്ന രാഷ്ട്രീയ തടവുകാരുടെ മോചനം നിയമവാഴ്ചയും പൗരാവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാജ്യത്ത് ഏറ്റവും വലിയ ഒരു ചോദ്യമായിന്നും അവശേഷിക്കുകയാണ്.
നിയമനിര്‍മാണം
രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പേരുമാറ്റം സംഭവിച്ച ഒരു വര്‍ഷമാണ് പിന്നിട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമം (ഐപിസി), ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ (സിആര്‍പിസി), ഇന്ത്യന്‍ തെളിവ് നിയമം എന്നീ മൂന്നു നിയമങ്ങള്‍ ഇതോടെ അപ്രത്യക്ഷമായി. പുതിയ നിയമങ്ങളായ ഭാരതീയ ന്യായ സന്‍ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ സന്‍ഹിത എന്നിവയാണ് പകരം സ്ഥാനം പിടിച്ചത്
വേര്‍പാടുകള്‍
പ്രശസ്തരായ പലരുടെയും വേര്‍പാടുകള്‍ വേദന സമ്മാനിച്ച വര്‍ഷം കൂടിയാണ് കടന്നു പോയത്. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഗസല്‍ ചക്രവര്‍ത്തി പങ്കജ് ഉദാസ്, തബല മാന്ത്രികന്‍ സക്കീര്‍ ഹുസൈന്‍, സാരംഗി വാദകന്‍ പണ്ഡിറ്റ് രാം നാരായണന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി അധ്യാപകനുമായ പ്രഫ. ജി എന്‍ സായിബാബ, വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റ, ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല, പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ, മുന്‍ വിദേശകാര്യ മന്ത്രി കെ നട് വര്‍ സിങ്, നിയമജ്ഞനും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന ഫാലി എസ് നരിമാന്‍, ഫിലിം സിറ്റി സ്ഥാപകന്‍ രാമോജി റാവു, ചലച്ചിത്ര പ്രതിഭ ശ്യാം ബെനഗല്‍, ഭരണഘടനാ വിദഗ്ധനും ഗ്രന്ഥകാരനുമായ എ ജി നൂറാനി, ദലിത് അവകാശ പോരാളിയും ദലിത് വോയ്‌സ് പത്രാധിപരുമായിരുന്ന വി ടി രാജശേഖര്‍ തുടങ്ങി ദേശീയ തലത്തില്‍ പ്രമുഖരായ നിരവധി പേരാണ് നമ്മെ വിട്ടു പിരിഞ്ഞത്