ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ 121 രാജ്യങ്ങളുടെ പട്ടികയില്‍ 107ാം സ്ഥാനത്ത്
ന്യൂഡല്‍ഹി: ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ വീണ്ടും പിന്നിലായി. 121 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ 107ാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശും നേപ്പാളും ഇന്ത്യയേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്.
ചൈന, തുര്‍ക്കി, കുവൈത്ത് തുടങ്ങി 17 രാജ്യങ്ങള്‍ പട്ടികയില്‍ മുന്നിലാണ്. ആഗോള തലത്തില്‍ ദാരിദ്ര്യം, പോഷകാഹാരക്കുറവ് എന്നിവ കണക്കെടുത്താണ് വിശപ്പ് സൂചിക തയ്യാറാക്കുന്നത്.
2014നുശേഷം ഇന്ത്യ ബഹുദൂരം പിന്നോട്ട് പോയതായി ഇതുസംബന്ധിച്ച വാര്‍ത്ത പങ്കുവച്ച് മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു.
'കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ്, പട്ടിണി, മുരടിപ്പ്, പാഴായിപ്പോകല്‍ തുടങ്ങിയ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി എപ്പോഴാണ് അഭിസംബോധന ചെയ്യുക?'- ചിദംബരം ട്വിറ്ററില്‍ ചോദിച്ചു.
അയര്‍ലന്റിലെ എയ്ഡി ഏജന്‍സിയും ജര്‍മന്‍ ഏജന്‍സിയായ വാള്‍ട്ട് ഹങ്കര്‍ ഹൈലൈഫ് എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്.
2021ല്‍ ഇന്ത്യയുടെ സ്ഥാനം 116 രാജ്യങ്ങളില്‍ 101ലായിരുന്നു. ഇപ്പോള്‍ 121 രാജ്യങ്ങളില്‍ 107 ആയി മാറി. വിശപ്പ് സൂചികയിലും ഇടിവുണ്ടായി. 2000ത്തില്‍ 38.8 ആയിരുന്നത് 2014-2021 കാലത്ത് 28.2-29.1 റെയ്ഞ്ചിലേക്ക് മാറി.
കഴിഞ്ഞ വര്‍ഷം ഇതേ റിപോര്‍ട്ട് പുറത്തുവന്ന സമയത്ത് കേന്ദ്ര സര്‍ക്കാര്‍ താഴെത്തലത്തിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാത്ത പഠനമെന്ന് പരിഹസിച്ചിരുന്നു.
ആഗോള വിശപ്പ് സൂചിക തയ്യാറാക്കുന്നതിന് ഉപയോഗിച്ച രീതി ശാസ്ത്രീയമല്ലെന്നാണ് സര്‍ക്കാരിന്റെ വാദം.