ഛത്തിസ്ഗഢ് ആദിവാസി മേഖലയില്‍ വ്യോമാക്രമണം നടത്തി ഇന്ത്യന്‍ സൈന്യം; വിശദാംശങ്ങള്‍ പുറത്തുവിട്ട് സോണി സോറിയും മീന കന്തസാമിയും

Update: 2022-05-11 14:18 GMT

ന്യൂഡല്‍ഹി: ഛത്തിസ്ഗഢിലെ ആദിവാസി മേഖലയില്‍ നിന്ന് ഞെട്ടിക്കുന്ന വാര്‍ത്തകള്‍. മാവോവാദി സ്വാധീനമേഖലകൂടിയായ ഗോത്രവര്‍ഗമേഖലയില്‍ ഇന്ത്യന്‍ സൈന്യം ഡ്രോണ്‍ ഉപയോഗിച്ച് വ്യോമാക്രമണം നടത്തി. ഏപ്രില്‍ 14-15 തിയ്യതികളില്‍ സുക്മയിലെ ബോട്ടെടാങ്, മെട്ടഗുഡം (ഉസൂര്‍ ബ്ലോക്ക്), ദാല്‍, സകലേര്‍, പട്ടേമാംഗി (കോണ്ട ബ്ലോക്ക്) എന്നീ ഗ്രാമങ്ങളിലാണ് ബോംബിങ് നടന്നത്.

മാര്‍ച്ച് രണ്ടാമത്തെ ആഴ്ചയില്‍ ബീജാപൂരിലെ ഗാംഗ്ലൂര്‍ ഗ്രാമത്തിലും ആക്രമണം നടന്നു. പൊട്ടാത്ത മോര്‍ട്ടാര്‍ ഷെല്ലുകളുടെ ദൃശ്യങ്ങള്‍ സോണി സോറിയാണ് വീഡിയോയിലൂടെ പുറത്തുവിട്ടത്.

2021 ഏപ്രില്‍ 19നാണ് ഇവിടെ ആദ്യ ബോംബിങ് നടന്നത്. അന്ന് 12 ബോംബുകള്‍ ആദിവാസിമേഖലകളില്‍ വര്‍ഷിച്ചു.

മാവോവാദികളെ ലക്ഷ്യമിട്ടാണ് അവ നിക്ഷേപിച്ചതെങ്കിലും അവര്‍ ക്യാമ്പ് വിട്ടതിനാല്‍ അപകടങ്ങളൊന്നും ഉണ്ടായില്ല. ആദിവാസി മേഖലകളില്‍ സൈന്യം നടത്തുന്ന ബോംബിങ്ങിനെ അപലപിക്കണമെന്ന് രാഷ്ട്രീയപാര്‍ട്ടികളോട് മാവോവാദികള്‍ തന്നെ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.

2022-23 കാലത്തേക്ക് 5,25,166 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ മാവോവാദി വേട്ടക്കുവേണ്ടി അനുവദിച്ചിട്ടുള്ളത്. അതില്‍ 5142 കോടി രൂപ റഷ്യന്‍ നിര്‍മിത തോക്കുകള്‍ വാങ്ങാനാണ്.

വ്യോമാക്രമണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആക്രമണത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഛത്തീസ്ഗഡിലും രാജ്യത്തിന്റെ മറ്റിടങ്ങളിലും ജനങ്ങള്‍ക്കെതിരേ നടത്തുന്ന വ്യോമാക്രമണം നിര്‍ത്തിവയ്ക്കുക, പോലിസ്, അര്‍ധസൈനിക ക്യാമ്പ് പ്രോജക്ടുകള്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തുക, 1996 ലെ ഭരണഘടനയുടെയും പെസ നിയമത്തിന്റെയും 5, 6 ഷെഡ്യൂള്‍ പ്രകാരം ഗ്രാമസഭകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്വയംഭരണാധികാരത്തെ സംസ്ഥാനം മാനിക്കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

Tags:    

Similar News