ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയില്‍ എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ് മൈസൂര്‍ കടുത്ത ഉത്കണ്ഠ രഖപ്പെടുത്തി. സമീപഭാവിയിലെങ്ങും പുനരുജ്ജീവനത്തിന്റെ യാതൊരു പ്രതീക്ഷയുമില്ലാത്ത അവസ്ഥയിലാണ് രാജ്യം. ജിഡിപി ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും താഴ്ന്ന നിരക്കായ 4.5 ശതമാനമായിരിക്കുകയാണ്. 2019-20 ന്റെ ആദ്യ പാദത്തില്‍ വളര്‍ച്ച 5 ശതമാനമായി കുറഞ്ഞപ്പോള്‍ മാന്ദ്യം രൂക്ഷമാകുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷം അവതരിപ്പിച്ച കന്നി ബജറ്റ് യഥാര്‍ത്ഥത്തില്‍ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിച്ചുവെന്നും അബ്ദുല്‍ മജീദ് പ്രസ്താവനയില്‍ വ്യക്തമാക്കി.
അതിജീവനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിക്കുന്നു. കൂടാതെ, കോര്‍പ്പറേറ്റ് നികുതി നിരക്കില്‍ റെക്കോര്‍ഡ് കുറവുണ്ടായതിന്റെ ആഘാതം ബാധിക്കാന്‍ ഇനിയും സമയമെടുക്കും. രാജ്യത്തിന്റെ തകര്‍ച്ചക്ക് ആഗോള മാന്ദ്യത്തെ പഴിചാരി രക്ഷപ്പെടാനുള്ള ശ്രമം പരിഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പ്രതിസന്ധി പ്രധാനമായും നമ്മുടെ സ്വന്തം നിര്‍മിതിയായിരുന്നു. ഉല്പാദനം റെക്കോര്‍ഡ് തലത്തിലേക്ക് ചുരുങ്ങി. കാര്‍ഷിക മേഖല നിശ്ചലമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ നിര്‍മാണം 9.3 ല്‍ നിന്ന് ഏറ്റവും പുതിയ പാദത്തില്‍ 3.3 ശതമാനമായി ചുരുങ്ങി. സേവന മേഖല നിരാശാജനകമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ 8.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് ഈ വര്‍ഷത്തെ രണ്ടാം പാദത്തില്‍ ഇത് 6.7 ആയി കുറഞ്ഞു. മോദി സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുന്നത് അവസാനിപ്പിച്ച് അവരെ സഹായിക്കുന്നതിലേയ്ക്ക് മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.