വഖഫ് ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളിയെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
റിയാദ്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ദുരുദ്ദേശ്യപരമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി. 95ലെ കേന്ദ്ര വഖഫ് നിയമപ്രകാരം സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം കേരള സംസ്ഥാന വഖഫ് ബോര്‍ഡില്‍ നിക്ഷിപ്തമാണ്. വഖഫ് റെഗുലേഷന്‍ അനുസരിച്ച് നിയമിക്കപ്പെടുന്നവര്‍ മുസ് ലിംകള്‍ ആയിരിക്കണം എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. നിയമനകാര്യത്തില്‍ സര്‍ക്കാരിന് യാതൊരു അധികാരവും ഇല്ലാത്ത ഈ വിഷയത്തിലാണ് സര്‍ക്കാര്‍ നിയമവിരുദ്ധമായി കൈകടത്തി വിശ്വാസികളെ വെല്ലുവിളിച്ചിരിക്കുന്നത്.
ആറ് പതിറ്റാണ്ട് കാലത്തെ കേരള വഖഫ് ബോര്‍ഡ് സേവന ചരിത്രം സുതാര്യമായിരിക്കെ ഇത്തരമൊരു കുല്‍സിത നീക്കം രാജ്യവ്യാപകമായ തെറ്റായ കീഴ്‌വഴക്കങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്.
ദേവസ്വം, വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും മുന്നാക്ക സമുദായത്തിലെ ശക്തമായ സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രസ്തുത ഓര്‍ഡിനന്‍സില്‍ അംഗങ്ങള്‍ ഹിന്ദുമത വിശ്വാസിയും ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരും ആവണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ വഖഫ് ബോര്‍ഡ് നിയമനം മാത്രം പിഎസ്സിക്ക് വിടുകവഴി ഇരട്ടത്താപ്പ് നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.
യോഗ്യതാ വാദം ഉയര്‍ത്തിയാണ് വഖഫ് ബോര്‍ഡിലെ 130 നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതെന്ന് പറയുമ്പോള്‍ തന്നെയാണ് ആയിരത്തിലധികം ജീവനക്കാരെ നിയമിക്കുന്ന ദേവസ്വം ബോര്‍ഡിലെ നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടുകൊടുക്കുന്നത്.
ഇത്തരം സാമുദായിക ധ്രുവീകരണ നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഒലയ്യ ബ്ലോക്ക് കമ്മിറ്റി ആഹ്വാനം ചെയ്തു.
യോഗത്തില്‍ ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂല്‍, സെക്രട്ടറി അലിമോന്‍ പട്ടാമ്പി, അബ്ദുല്‍ അസീസ് ആലുവ എന്നിവര്‍ സംസാരിച്ചു.
പുതുതായി ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലേക്ക് കടന്നുവന്നവരെ ബ്ലോക്ക് പ്രസിഡണ്ട് റസാക്ക് മാക്കൂല്‍ മെമ്പര്‍ഷിപ്പ് നല്‍കി സ്വീകരിച്ചു. ചടങ്ങില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഒലയ ഏരിയ പ്രസിഡന്റ് ഗഫൂര്‍, പട്ടാമ്പി മീഡിയ ഇന്‍ചാര്‍ജ് ബിലാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.