ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ച നിലയില്‍
ആത്മഹത്യയെന്ന സൂചനയാണ് പൊലീസ് സമീർ കാമത്തിന്റെ മരണത്തേക്കുറിച്ച് നൽകുന്നത്
ഇന്ത്യാന: ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ അമേരിക്കയില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യാനയിലെ പര്‍ഡ്യൂ സര്‍വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ സമീര്‍ കാമത്ത് ആണ് മരിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള 23കാരനായ സമീര്‍ കാമത്ത് 2023 ആഗസ്തിലാണ് മെക്കാനിക്കല്‍ എന്‍ജിനിയറിങില്‍ പര്‍ഡ്യൂ സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഇതേ സര്‍വകലാശാലയില്‍ തന്നെ തുടര്‍ പഠനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് മരണം. സമീര്‍ കാമത്തിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതായി പോലിസ് അറിയിച്ചു. തലയിലേറ്റ വെടിയാണ് വിദ്യാര്‍ഥിയുടെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയെന്ന സൂചനയാണ് പോലിസ് നല്‍കുന്നത്. ടോക്‌സിക്കോളജി റിപോര്‍ട്ടിനായി കാത്തിരിക്കുകയാണ് പോലിസ്. അമേരിക്കയില്‍ ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ ഒടുവിലത്തേതാണ് സമീര്‍ കാമത്തിന്റേത്. കഴിഞ്ഞ ആഴ്ചയാണ് ബി ശ്രേയസ് റെഡ്ഡി എന്ന ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ അസ്വഭാവികതകളില്ലെന്നാണ് പോലിസ് വിശദമാക്കുന്നത്. ചിക്കാഗോയില്‍ ഹൈദരബാദ് സ്വദേശിയായ ഇന്ത്യന്‍ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം ക്രൂരമായ ആക്രമണത്തിനിരയായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയിലെ തന്നെ വിദ്യാര്‍ഥിയായ 19കാരന്‍ നീല്‍ ആചാര്യയെ കഴിഞ്ഞ മാസം കാണാതാവുകയും പിന്നാലെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ഈവര്‍ഷം ആദ്യമാണ് 25കാരനായ വിവേക് സാഹ്നി ചുറ്റിക കൊണ്ടുള്ള ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.