ഇന്ത്യക്കാരെ ബന്ദികളാക്കിയിട്ടില്ല; വാര്‍ത്ത നിഷേധിച്ച് താലിബാന്‍
ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് താലിബാന്‍ പറയുന്നത്.
കാബൂള്‍: ഇന്ത്യക്കാരെ ബന്ദികളാക്കിയെന്ന വാര്‍ത്ത താലിബാന്‍ നിഷേധിച്ചു. ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുക മാത്രമാണ് ചെയ്തതെന്ന് താലിബാന്‍ അറിയിച്ചു. കാബൂളില്‍ ഇന്ത്യക്കാരെ തടഞ്ഞുവച്ചതായി മാധ്യമങ്ങള്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്തിരുന്നു. 150 യാത്രക്കാരെയാണ് താലിബാന്‍ തടഞ്ഞുവച്ചതെന്നും ഇതില്‍ ഭൂരിഭാഗവും ഇന്ത്യക്കാരാണ് എന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇവരെയെല്ലാം വിട്ടയച്ചിട്ടുണ്ട്.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ 85 ഇന്ത്യക്കാരുമായി വ്യോമസേനയുടെ രണ്ടാമത്തെ വിമാനം പുറപ്പെട്ടു. സേനയുടെ സി130ജെ വിമാനമാണ് യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്താനില്‍ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്. ഹമീദ് കര്‍സായി വിമാനത്താവളത്തിന് പുറത്ത് 280ഓളം ഇന്ത്യക്കാര്‍ വാഹനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. മലയാളികളുള്‍പ്പടെയുള്ളവര്‍ സംഘത്തിലുണ്ട്.ഇന്ത്യക്കാരെ തട്ടിക്കൊണ്ട് പോയിട്ടില്ലെന്നും വിമാനത്താവളത്തിനു പുറത്തെ സ്ഥിതി നിയന്ത്രിക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് താലിബാന്‍ പറയുന്നത്.