ഇന്തോനീസ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി; 826 പേര്‍ക്ക് പരിക്ക്
ജക്കാര്‍ത്ത: ഇന്തൊനീസ്യയില്‍ വെള്ളിയാഴ്ച്ച പുലര്‍ച്ചെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 56 ആയി. സുലവേസി ദ്വീപിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നിലവധി കെട്ടിടങ്ങള്‍ തകര്‍ന്നു. 826 പേര്‍ക്ക് പരിക്കേറ്റതായി ഇന്തൊനീസ്യന്‍ ബോര്‍ഡ് ഫോര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു.
കൂടുതല്‍ മരണങ്ങളും ഇന്തോനീസ്യയിലെ സുലാവേസി പ്രവിശ്യയിലെ മമുജു റീജന്‍സിയിലാണ് ഉണ്ടായത്. കഴിഞ്ഞ ദിവസം മമുജു റീജന്‍സിയിലെ 9 പേര്‍ മരിച്ചിരുന്നു.
ഭൂകമ്പത്തില്‍ 46 പേര്‍ മരിച്ചതായും 637 പേര്‍ക്ക് പരിക്കേറ്റതായുമാണ് പ്രദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തിരുന്നത്.
സുലവേസി അധികൃതര്‍ പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പുനരധിവാസത്തിനും ദുരിതാശ്വാസത്തിനും വേണ്ടി 2,84,000 ഡോളര്‍ അനുവദിച്ചിട്ടുണ്ട്. ഭൂകമ്പത്തില്‍ 15,000ത്തോളം പേര്‍ ഭവനരഹിതരായാണ് കണക്ക്.
ഭൂകമ്പത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പല പ്രദേശങ്ങളിലേയും താമസക്കാരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
2004 ഡിസംബറില്‍ ഇന്തോനീസ്യയുടെ സുമാത്ര ദ്വീപിന്റെ വടക്ക് ഭാഗത്ത് 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്തൊനീസ്യ, ശ്രീലങ്ക, ഇന്ത്യ, തായ്‌ലന്‍ഡ്, മറ്റ് ഒന്‍പത് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ വ്യാപിച്ച സുനാമിയില്‍ 230,000 പേരാണ് മരിച്ചത്.