'ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന്'; ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരേ ബിജെപി
മുംബൈ: ദേശീയ ഗാനം പൂര്‍ണമായി പാടാതെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന് ബംഗാള്‍ ബിജെപി യൂനിറ്റ്. മുംബൈയില്‍ വാര്‍ത്താസമ്മേളനത്തിനിടയില്‍ മമതാ ബാനര്‍ജി ദേശീയ ഗാനം ഇരുന്നുകൊണ്ട് പാടുകയും പൂര്‍ത്തിയാക്കാതെ നിര്‍ത്തിയെന്നുമാണ് പരാതി.
'ദേശീയ ഗാനം ആലപിക്കുമ്പോള്‍ ആദ്യം മമതാ ബാനര്‍ജി ഇരിക്കുകയായിരുന്നു, പിന്നെ എഴുന്നേറ്റു നിന്നു, പാതിവഴിയില്‍ പാടുന്നത് നിര്‍ത്തി. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍, ബംഗാളിന്റെ സംസ്‌കാരത്തെയും ദേശീയ ഗാനത്തെയും രാജ്യത്തെയും ഗുരുദേവ് രവീന്ദ്രനാഥ ടാഗൂറിനേയും അവര്‍ അപമാനിച്ചിരിക്കുന്നു!' പശ്ചിമ ബംഗാള്‍ ബിജെപി ഘടകം ട്വീറ്റ് ചെയ്തു. വാര്‍ത്താസമ്മേളനത്തിനു ശേഷം മമതയ്‌ക്കെതിരേ നിരവധി നേതാക്കള്‍ രംഗത്തുവന്നു.
'നമ്മുടെ ദേശീയ സ്വത്വത്തിന്റെ ശക്തമായ സൂചകങ്ങളിലൊന്നാണ് ദേശീയ ഗാനം. ഭരണഘടനാ സ്ഥാനം വഹിക്കുന്നവര്‍ അതിനെ അപകീര്‍ത്തിപ്പെടുത്തരുത്. ബംഗാള്‍ മുഖ്യമന്ത്രി പാടിയ നമ്മുടെ ദേശീയ ഗാനത്തിന്റെ വികൃതമായ പതിപ്പ് ഇതാ. ഇന്ത്യയുടെ പ്രതിപക്ഷത്തിന് അഭിമാനവും രാജ്യസ്‌നേഹവും ഇല്ലേ?''- ബിജെപി നേതാവ് അമതി മാളവ്യ ട്വീറ്റ് ചെയ്തു.
ബിജെപിയുടെ മഹാരാഷ്ട്ര യൂനിറ്റും മമതയ്‌ക്കെതിരേ രംഗത്തുവന്നു.
മുംബൈയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു മമതാ ബാനര്‍ജി.
സന്ദര്‍ശനത്തിനിടയില്‍ അവര്‍ ശരത് പവാറുമായും ശിവസേന നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. അതിനുശേഷമായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.