സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള പരീക്ഷ സുതാര്യമാക്കാന്‍ ഇന്റര്‍നെറ്റ് സര്‍വീസ് റദ്ദാക്കി; അസമില്‍ വ്യാപക പ്രതിഷേധം
ഗുവാഹത്തി: ഗ്രേഡ് നാല് സര്‍ക്കാര്‍ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയുടെ പേരില്‍ ആഗസ്റ്റ് 21ന് അസം സര്‍ക്കാര്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ റദ്ദാക്കി. ഈ ദിവസം രാവില 10മണക്കും 12 മണിക്കും ഇടയിലും ഉച്ചക്ക് ശേഷം 2 മുതല്‍ 4 വരെയുമാണ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. അസമിലെ 34 ജില്ലകളില്‍ 24ഉം സര്‍വീസ് റദ്ദാക്കിയിരുന്നു. അടുത്ത പരീക്ഷാദിവസമായ ആഗസ്റ്റ് 28നും സര്‍വീസ് റദ്ദാക്കും.
സര്‍ക്കാര്‍ പറഞ്ഞതിലും മണിക്കൂറുകള്‍ക്കു മുന്‍പുതന്നെ സര്‍വീസ് നിര്‍ത്തിവച്ചുവത്രെ. അതോടെ ഇന്റര്‍നെറ്റ് സര്‍വീസിനെ ആശ്രയിക്കുന്ന എല്ലാവരും അവരുടെ പ്രവര്‍ത്തിയും നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. രാവിലെ 10 മണിക്ക് സര്‍വീസ് നിര്‍ത്തുമെന്നാണ് പറഞ്ഞതെങ്കിലും ബാരാപേട്ടയില്‍ 8.45നു തന്നെ സര്‍വീസ് റദ്ദാക്കി. മറ്റിടങ്ങളിലും സ്ഥിതി ഇതുതന്നെ.
സര്‍വീസ് റദ്ദാക്കിയത് ഓണ്‍ലൈന്‍ സര്‍വീസ്, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ബാധിച്ചു.
പൗരത്വസമരക്കാലത്താണ് ഇതിനുമുമ്പ് സര്‍വീസ് നിര്‍ത്തിവച്ചത്. ജനങ്ങളെ മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു തീരുമാനമെടുത്തത്.
പരീക്ഷ നടത്തുന്നവര്‍ക്ക് സ്വന്തം സംവിധാനത്തില്‍ സംശയമില്ലെന്ന് പ്രതിഷേധക്കാര്‍ കുറ്റപ്പെടുത്തി. ജാമര്‍ ഉപയോഗിക്കുകയാണ് വേണ്ടിയിരുന്നതെന്നാണ് പലരും കരുതുന്നത്.
കാംരൂപിലെ സാമൂഹികപ്രവര്‍ത്തകനായ രാജു പ്രസാദ് ശര്‍മ ഇതിനെതിരേ ഗുവാഹത്തി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 28നും സര്‍വീസ് നിര്‍ത്തിവയ്ക്കും.