അന്തര്‍സംസ്ഥാന വാഹനമോഷണ സംഘം അറസ്റ്റില്‍; കണ്ടെയ്‌നര്‍ ലോറിയും പിക്കപ്പ് വാനും കാറും പിടിച്ചെടുത്തു

തൃശൂര്‍: അന്തര്‍സംസ്ഥാന വാഹനമോഷണ സംഘം അറസ്റ്റില്‍. കാപ്പ കേസ് പ്രതിയടക്കം അഞ്ചുപേരെയാണ് വിവിധ വാഹനമോഷണ കേസുകളില്‍ തൃശൂര്‍ പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്നും നാലു വാഹനങ്ങളും പൊലീസ് കണ്ടെടുത്തു. ഒരു കണ്ടെയ്‌നര്‍ ലോറി, രണ്ട് പിക്കപ്പ് വാനുകള്‍, ഒരു കാര്‍ എന്നിവയാണ് പിടിച്ചെടുത്തിരിക്കുന്നത്.
പൊള്ളാച്ചി കോവില്‍ പാളയം സ്വദേശി എസ്‌കെ നിവാസില്‍ സജിത്ത് (25), പുതുക്കാട് കണ്ണംമ്പത്തൂര്‍ സ്വദേശികളായ പുന്നത്താടന്‍ വീട്ടില്‍ വിജിത്ത് (33), പുന്നത്താടന്‍ വീട്ടില്‍ രഞ്ജിത്ത് (38), തൃശൂര്‍ ചിയ്യാരം സ്വദേശി പള്ളിപ്പാടത്ത് വീട്ടില്‍ സുനീഷ് (35), നന്തിപുലം സ്വദേശി കരിയത്ത് വളപ്പില്‍ വീട്ടില്‍ വിഷ്ണു (30) എന്നിവരാണ് പിടിയിലായത്. രഞ്ജിത്തിനെതിരെ പുതുക്കാട് സ്‌റ്റേഷനില്‍ അടിപിടി, വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി ആറ് ക്രിമിനല്‍ കേസുകളുണ്ട്. വിജിത്തിനെതിരെ രണ്ട് അടിപിടി കേസുകളും ഉള്ളതായി പോലിസ് അറിയിച്ചു.
പകല്‍സമയത്ത് വാഹനങ്ങള്‍ കണ്ടെത്തി സ്‌കെച്ച് ചെയ്യുന്നതായിരുന്നു മോഷണ സംഘത്തിന്റെ രീതി. അര്‍ധരാത്രി സ്ഥലത്തെത്തി സുനീഷും രഞ്ജിത്തും വിഷണുവും വിജിത്തും ചേര്‍ന്നു മോഷ്ടിക്കുന്ന വാഹനം സജിത്തിന് കൈമാറും. സജിത്ത് ഇത് തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്ന സംഘത്തിന് വില്‍ക്കുന്നതായിരുന്നു പതിവ്.
ഫെബ്രുവരി 23ന് തൃശൂര്‍ ചേര്‍പ്പ് പാറക്കോവിലില്‍നിന്നു മിനിലോറി മോഷണം പോയിരുന്നു. അന്വേഷണത്തില്‍ മോഷണ സ്ഥലത്തെത്തിയ മറ്റൊരു വാഹനം അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇത് സജിത്ത് ഉപയോഗിക്കുന്നതാണെന്നും ഇയാള്‍ മോഷണ സംഘത്തിലെ അംഗമാണെന്നും തിരിച്ചറിഞ്ഞു. തുടര്‍ന്നാണ് തൃശൂര്‍ പോലിസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയത്.