ദുബയ്: സഞ്ജു സാംസണിന് പിറകെ ഐപിഎല്ലിലെ മലയാളി പ്രതീക്ഷയായ ദേവ്ദത്ത് പടിക്കലിന്റെ തുടക്കം ഗംഭീരം. ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി ആദ്യമായി ഇറങ്ങിയ ദേവ്ദത്ത് അര്‍ദ്ധസെഞ്ചുറിയുമായാണ് കളം വിട്ടത്.
കന്നിയങ്കത്തിന് ഇറങ്ങിയ ദേവ്ദത്തിനെ ഓപ്പണിങില്‍ പരീക്ഷിച്ച ക്യാപ്റ്റന്‍ കോഹ്‌ലിക്ക് തെറ്റിയില്ല. ആരും മോഹിക്കുന്ന തുടക്കമാണ് ഹൈദരാബാദിനെതിരേ താരത്തിന് ലഭിച്ചത്. 42 പന്തില്‍ 56 റണ്‍സെടുത്താണ് മലപ്പുറംകാരന്‍ വരവറിയിച്ചത്. എട്ട് ഫോറുകളോടെയായിരുന്നു ഇന്നിങ്‌സ്. ദേവ്ദത്തിനൊപ്പം ഓപ്പണിങിനിറങ്ങിയത് ആരോണ്‍ ഫിഞ്ചായിരുന്നു. 29 റണ്‍സെടുത്ത് ഫിഞ്ചും താരത്തിന് മികച്ച പിന്തുണ നല്‍കി.
തുടക്കംകാരന്‍ എന്ന പതര്‍ച്ചയില്ലാതെയാണ് താരം കളിച്ചത്. ഒടുവില്‍ വിജയ് ശങ്കറിന്റെ പന്തിലാണ് താരം പുറത്തായത്. കര്‍ണാടകയ്ക്ക് വേണ്ടിയാണ് ദേവ്ദത്ത് കളിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് താരത്തെ ബാംഗ്ലൂര്‍ റാഞ്ചിയത്. 2010ന് ശേഷം ഐപിഎല്ലില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോഡും ദേവ് ഇന്ന് സ്വന്തമാക്കി.