ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന് സംഘ്പരിവാര്‍ പക്ഷമെന്ന് ആരോപണം

ഫെയ്‌സ്ബുക്കിന്റെ പോളിസി ഹെഡ്ഡ് അങ്കി ദാസിന്റെ സംഘ്പരിവാര്‍ ബന്ധം വ്യക്തമാക്കുന്ന പല കാര്യങ്ങളിലൊന്ന് അവര്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആന്‍് യൂത്ത് (വോസി) എന്ന ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് എന്നതാണ്.

Update: 2020-08-16 05:00 GMT

കോഴിക്കോട്: സാമൂഹ്യ മാധ്യമ ഭീമന്‍ ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് സംഘ്പരിവാര്‍ ആശയത്തിന് അനുസരിച്ചെന്ന് ആരോപണം.സംഘ്പരിവാര്‍ പക്ഷക്കാരിയായ അങ്കി ദാസ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പോളിസി ഹെഡ്ഡായി പ്രവര്‍ത്തിക്കുന്നതു വഴി തീവ്ര ഹിന്ദുത്വത്തിന് വഴങ്ങുന്ന തരത്തിലാണ് രാജ്യത്ത് ഫെയ്‌സ്ബുക്ക് നയങ്ങള്‍ സ്വീകരിക്കുന്നത് എന്ന ആരോപണമാണ് ശക്തമാകുന്നത്. കടുത്ത് സംഘ്പരിവാര്‍ അനുകൂലിയും ജെഎന്‍യുവിലെ മുന്‍ എബിവിപി പ്രസിഡന്റുമായി രശ്മി ദാസിന്റെ സഹോദരി കൂടിയായ അങ്കി ദാസ് ആര്‍എസ്എസ് അനുകൂല സംഘടനകളിലെ സജീവ സാനിധ്യവുമാണ്.

സംഘ്പരിവാര്‍ വിമര്‍ശകരായ ആക്ടിവിസ്റ്റുകളുടെ എഫ്ബി പേജ് ഫെയ്‌സ്ബുക്ക് അധികൃതര്‍ ബ്ലോക്ക് ചെയ്യുന്നതായി മുന്‍പു തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ശ്രദ്ധിക്കപ്പെടുന്നവരും സംഘ്പരിവാര്‍ രാഷ്ട്രീയത്തിന്റെ വിമര്‍ശകരുമായ ഒട്ടേറെപ്പേരുടെ എഫ്ബി ഇത്തരത്തില്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്‍ആര്‍സി വിരുദ്ധ സമര കാലത്തായിരുന്നു ഇത് അധികമായി സംഭവിച്ചത്. അന്നൊക്കെ ഫെയ്‌സ്ബുക്കിലെ മാസ് റിപോര്‍ട്ടിങ് കാരണമാകും പേജ് ബ്ലോക്ക് ചെയ്യുന്നതെന്നായിരുന്നു പൊതുവിലുണ്ടായിരുന്ന ധാരണ.

പക്ഷേ വാള്‍സട്രീറ്റ് ജേണലില്‍ അടുത്തിടെ വന്ന ഒരു വാര്‍ത്തയാണ് ഇതിന്റെ വസ്തുതകള്‍ പുറത്തുകൊണ്ടുവന്നത്. ബിജെപി നേതാവിന്റെയും ഹിന്ദു രാഷ്ട്രവാദമുയര്‍ത്തുന്ന സംഘങ്ങളുടേയും വിദ്വേഷ പോസ്റ്റിന് വിലക്കേര്‍പ്പെടുത്തുന്നതിനെ ഇന്ത്യയിലെ ഒരു ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥ എതിര്‍ത്തു എന്നായിരുന്നു വാള്‍സട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തത്. ഫേസ്ബുക്കിന്റെ പബ്ലിക് പോളിസി എക്്‌സിക്യൂട്ടീവ് അങ്കി ദാസ് ആണ് സംഘപരിവാരത്തിന്റെ വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ നിന്നും ഫെയ്‌സ്ബുക്കിനെ തടയുന്നത് എന്നും വാള്‍സ്ട്രീറ്റ് റിപോര്‍ട്ട് ചെയ്തു.

ഫെയ്‌സ്ബുക്കിന്റെ പോളിസി ഹെഡ്ഡ് അങ്കി ദാസിന്റെ സംഘ്പരിവാര്‍ ബന്ധം വ്യക്തമാക്കുന്ന പല കാര്യങ്ങളിലൊന്ന് അവര്‍ വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആന്‍് യൂത്ത് (വോസി) എന്ന ആര്‍എസ്എസിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് എന്നതാണ്. ആര്‍എസ്എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി യോജിക്കുന്നവര്‍ മാത്രമാണ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കാറുള്ളത്. ആര്‍എസ്എസിന്റെ രാഷ്ട്രീയ കലാ മഞ്ചിന്റെ ഡല്‍ഹിയിലെ ഓഫിസാണ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ആന്‍് യൂത്തിന്റെയും ആസ്ഥാനം. ജെഎന്‍യുവില്‍ പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പേരില്‍ പോലിസ് നടത്തിയ അക്രമങ്ങളെ അനുകൂലിക്കുന്ന സംഘടനയാണ് വോസി. തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകയും ജെഎന്‍യുവില്‍ സംഘ്പരിവാര്‍ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പ്രസിഡന്റുമായിരുന്ന രശ്മി ദാസിന്റെ സഹോദരി കൂടിയാണ് ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിന്റെ പോളിസി ഹെഡ്ഡ് എന്നതും എഫ്ബിയിലെ സംഘ്പരിവാര്‍ ചായ്‌വിന്റെ കാരണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. 2017 ല്‍ നരേന്ദ്രമോദിയുടെ ഭരണ നൈപുണ്യത്തെ പ്രശംസിച്ചുകൊണ്ട് അങ്കി ദാസ് ലേഖനമെഴുതിയിരുന്നു. ഇത് മോദിയുടെ സ്വകാര്യ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിരുന്നു.


അങ്കി ദാസ് നരേന്ദ്രമോദിക്കൊപ്പം



ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര്‍ വ്യാപകമായി പ്രയോഗിച്ചിരുന്ന ലവ് ജിഹാദ് കുപ്രചരണത്തിനെതിരെ ധാരാളം പരാതികള്‍ ഫെയ്‌സ്ബുക്കിന് ലഭിച്ചിരുന്നു. എന്നാല്‍ അതില്‍ നടപടിയെടുക്കുന്നത് അങ്കി ദാസ് തടഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയത് ഫെയ്‌സ്ബുക്കിലെ മുന്‍ ജീവനക്കാരനാണ്. കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നത് മുസ്‌ലിംകളാണ് എന്ന തരത്തില്‍ എഫ്ബിയിലൂടെ വ്യാപക പ്രചരണം നടന്നപ്പോള്‍ അത്തരം അകൗണ്ടുകള്‍ ക്ലോസ് ചെയ്യുന്നതും അങ്കി ദാസ് തടഞ്ഞിരുന്നു എന്നും മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിരുന്നു.

ഫെയ്‌സ്ബുക്കിന്റെ സംഘ് പരിവാര്‍ അനുകൂല സമീപനം മുസ്‌ലിം വിരുദ്ധതയുടെ ഭാഗമായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. മ്യാന്‍മറില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടന്ന വംശഹത്യയെ കുറിച്ച് അന്വേഷിക്കുന്ന ഐക്യരാഷ്ട്ര ഏജന്‍സിക്ക് തെളിവ് നല്‍കാന്‍ ഫെയ്‌സ്ബുക്ക് അധികൃതര്‍ തയ്യാറാകാത്ത കാര്യം പുറത്തുവന്നിരുന്നു. 2017ല്‍ നടന്ന വംശഹത്യയെ കുറിച്ച് രണ്ടു വര്‍ഷമായി അന്വേഷണം നടക്കുകയാണ്. തീവ്ര ബുദ്ധിസ്റ്റുകള്‍ അക്രമത്തിന് പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എഫ് ബി വഴിയാണ്. അതിന്റെ തെളിവുകളാണ് ഫെയ്‌സ്ബുക്ക് അധികൃതര്‍ കൈമാറാന്‍ തയ്യാറാകാത്തത്.


Tags:    

Similar News