ഗസയില്‍ സ്കൂളിനു നേരെ ഇസ്രായേലിന്റെ ബോംബാക്രമണം; ഒരു കുട്ടി ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെട്ടു

ഗസ: ഗസയില്‍ ഇസ്രായേല്‍ സൈന്യം ബോംബാക്രമണം തുടരുന്നു. ഗസ നഗരത്തില്‍ ആളുകള്‍ താമസിക്കുന്ന സ്കൂളിനു നേരെയുണ്ടായ ആക്രമണത്തില്‍ വലിയ തരത്തിലുള്ള തീപിടത്തമാണ് ഉണ്ടായത്. അഭയാര്‍ഥി കാംപാക്കി മാറ്റിയ കെട്ടിടമാണ് ബോംബിട്ട് തകര്‍ത്തത്. തീപിടുത്തത്തില്‍ കുറഞ്ഞത് ഒരു കുട്ടി ഉള്‍പ്പെടെ 10 പേര് കൊല്ലപ്പെടുകയും ചെയ്തു.
ഇസ്രായേലി ബോംബാക്രമണത്തില്‍ ഇന്ന് കുറഞ്ഞത് 32 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിനുശേഷമാണ് വീണ്ടും ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഗസയ്ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ ഇതുവരെ കുറഞ്ഞത് 51,266 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 116,991 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
അതേസമയം, ഗസയില്‍ കൃത്യമായ ആരോഗ്യ പരിരക്ഷ ലഭിക്കാതെ നിരവധി പേരാണ് മരണത്തിനു കീഴടങ്ങുന്നത്. മാര്‍ച്ച് ആദ്യം മുതല്‍ ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ എല്ലാ മെഡിക്കല്‍, ഭക്ഷ്യ വിതരണങ്ങളുടെയും ഉപരോധം സ്ഥിതി കൂടുതല്‍ വഷളാക്കി. പല തരത്തിലുള്ള അസുഖം ബാധിച്ചവരും ആരോഗ്യ സംവിധാനങ്ങളുടെ അഭാവം മൂലം ദുരിതമനുഭവിക്കുകയാണ്.
ഗസയിലെ ഡയാലിസിസ് രോഗികള്‍ക്ക് ചികില്‍സ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും നൂറുകണക്കിന് ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു. 400-ലധികം പേര്, ചികില്‍സയുടെ അഭാവം മൂലം മരിച്ചുവെന്നാണ് കണക്കുകള്‍.