ലബ്‌നാനിലെ ഇസ്രായേല്‍ പരാജയം മുസ്‌ലിം ഉമ്മത്തിന്റെ വിജയം: സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി
അവര്‍ വിജയിക്കുകയായിരുന്നുവെങ്കില്‍ പ്രദേശത്തെ ദുര്‍ബലമായ അറബ് രാജ്യങ്ങള്‍ അവരുടെ വരുതിക്ക് നില്‍ക്കേണ്ടി വരുമായിരുന്നു.
സന്‍ആ: ലബ്‌നാനിലെ ഇസ്രായേലിന്റെ പരാജയം മുസ്‌ലിം ഉമ്മത്തിന്റ വിജയമാണെന്ന് യെമനിലെ അന്‍സാറുല്ലാ പ്രസ്ഥാനത്തിന്റെ പരമോന്നത നേതാവ് സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി. അമേരിക്ക പിന്തുണ നല്‍കുന്ന ഇസ്രായേലിന് എതിരായ വിജയം ചരിത്രസംഭവമാണെന്നും സയ്യിദ് അബ്ദുല്‍ മാലിക് അല്‍ ഹൂത്തി പറഞ്ഞു. പരാജയത്തിന്റെ കാലം കഴിഞ്ഞെന്നും വിജയത്തിന്റെ കാലം തുടങ്ങിയെന്നുമുള്ള ഹിസ്ബുല്ല മുന്‍ സെക്രട്ടറി ജനറല്‍ ഹസന്‍ നസറുല്ലയുടെ വാക്കുകളും പ്രതിവാര സന്ദേശത്തില്‍ അല്‍ ഹൂത്തി ഉദ്ധരിച്ചു.
ഹിസ്ബുല്ല പോരാളികളുടെ നിശ്ചയദാര്‍ഢ്യവും പൊതുജന പിന്തുണയുമാണ് ലബ്‌നാനിലെ വിജയത്തിന് കാരണം. വ്യോമാക്രമണത്തിലൂടെ ഹിസ്ബുല്ലയെ പരാജയപ്പെടുത്താമെന്ന ശത്രുവിന്റെ തോന്നല്‍ ഈ യുദ്ധം ഇല്ലാതാക്കി. ലബ്‌നാനിലെ ഭരണം സയണിസ്റ്റ് അനുകൂലികള്‍ക്ക് നല്‍കാമെന്ന ഇസ്രായേലിന്റെ വ്യാമോഹവും പൊളിഞ്ഞു.
ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവിലും സൈനികകേന്ദ്രങ്ങളിലും നടത്തിയ ആക്രമണങ്ങളാണ് യുദ്ധത്തില്‍ വഴിത്തിരിവായത്. ക്ഷമയും പ്രായോഗിക പ്രവര്‍ത്തനങ്ങളും തയ്യാറെടുപ്പുമാണ് ഹിസ്ബുല്ലയെ വിജയത്തിലേക്ക് നയിച്ചത്. യുഎസും പടിഞ്ഞാറന്‍ യൂറോപ്പും പണവും ആയുധങ്ങളും നല്‍കിയിട്ടും യുദ്ധക്കളത്തില്‍ ഇസ്രായേലിന് നേട്ടങ്ങളുണ്ടാക്കാനായില്ല. വടക്കന്‍ പ്രദേശങ്ങളിലെ കുടിയേറ്റ പ്രദേശങ്ങള്‍ ഹിസ്ബുല്ലയുടെ ആക്രമണത്തില്‍ തകര്‍ന്നുപോയി.
ഇസ്രായേലിന്റെ പരാജയം മുസ്‌ലിം ഉമ്മത്തിന്റെ വിജയമാണെന്നും അല്‍ ഹൂത്തി പറഞ്ഞു. അവര്‍ വിജയിക്കുകയായിരുന്നുവെങ്കില്‍ പ്രദേശത്തെ ദുര്‍ബലമായ അറബ് രാജ്യങ്ങള്‍ അവരുടെ വരുതിക്ക് നില്‍ക്കേണ്ടി വരുമായിരുന്നു. അതിനാല്‍ ഈ വിജയം കൂടുതല്‍ അപകടങ്ങളില്‍ നിന്ന് മുസ്‌ലിം ഉമ്മത്തിനെ സംരക്ഷിക്കുന്ന വിജയം കൂടിയാണ്.
എന്നിരുന്നാലും ഗസയിലാണ് ഇനി മുസ്‌ലിം ഉമ്മത്ത് ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഗസക്ക് അറബ് രാജ്യങ്ങള്‍ വേണ്ട പിന്തുണ നല്‍കാത്തത് ദുഖകരമാണ്. ഇസ്രായേലി ബന്ധമുള്ള കപ്പലുകള്‍ക്കെതിരേ ചെങ്കടലില്‍ നടക്കുന്ന ആക്രമണങ്ങള്‍ തുടരുമെന്നും അല്‍ഹൂത്തി പ്രഖ്യാപിച്ചു. ചെങ്കടലിലെ ആക്രമണങ്ങള്‍ ഇസ്രായേലിന്റെ നാവിക വ്യാപാരത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചകളില്‍ ഇസ്രായേലിലെ അസ്ഖലാന്‍, നിവാറ്റിം തുടങ്ങിയ പ്രദേശങ്ങളെ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമിച്ചിരുന്നു. ഇനിയും അത് തുടരും.
ഇറാഖിലെ പ്രതിരോധ പ്രസ്ഥാനങ്ങള്‍ക്കും ഗസക്ക് പിന്തുണ നല്‍കുന്നതില്‍ വലിയ പങ്കുണ്ട്. ഇറാഖിലെ പ്രതിരോധ പ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ യുഎസ് ശ്രമിക്കുന്നുണ്ട്. ഇസ്രായേലിന്റെ ശക്തമായ ആക്രമണങ്ങള്‍ക്കിടയിലും ഗസയില്‍ പ്രതിരോധം തുടരുന്ന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളെ അല്‍ഹൂത്തി അഭിനന്ദിച്ചു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരേ അന്താരാഷ്ട്ര നീതിന്യായ കോടതി ഇറക്കിയ അറസ്റ്റ് വാറന്റിനെ അല്‍ഹൂത്തി സ്വാഗതം ചെയ്തു. ഇത്തരം നടപടികള്‍ കൂട്ടക്കൊലകള്‍ നടത്തുന്ന സമയത്ത് തന്നെയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗസയിലെ അധിനിവേശം അവസാനിക്കുന്നത് വരെ സൈനിക നടപടികള്‍ തുടരുമെന്ന് ഇറാഖിലെ ട്രൂ പ്രോമിസ് കോപ്‌സ് നേതാവ് മുഹമ്മദ് അല്‍ തമീമിയും പറഞ്ഞു. ഇസ്രായേലിനെതിരായ സൈനിക നടപടികള്‍ തുടരുമെന്ന് ഇറാഖിലെ ഖത്തെബ് ഹിസ്ബുല്ലയും അറിയിച്ചു.