'രേഖകള്‍ പരിശോധിക്കാതെ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുന്നു'; ആര്യ സമാജത്തിനെതിരേ ഗുരുതരമായ ആരോപണവുമായി അലഹബാദ് ഹൈക്കോടതി

Update: 2022-09-06 04:26 GMT

പ്രയാഗ്‌രാജ്: ആര്യസമാജം നല്‍കുന്ന വിവാഹ സര്‍ട്ടിഫിക്കറ്റ് വിവാഹം കഴിഞ്ഞു എന്നതിനുള്ള നിയമപരമായ തെളിവല്ലെന്ന് അലഹബാദ് ഹൈക്കോടതി. ആര്യസമാജത്തില്‍ വച്ച് വിവാഹം കഴിച്ചാലും രജിസ്റ്റര്‍ ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. ഒരു ഹേബിയസ് കോര്‍പസ് പരാതിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് കോടതിയുടെ നിര്‍ദേശം. ആര്യസമാജം രേഖകള്‍ പരിഗണിക്കാതെ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നുണ്ടെന്നും കോടതി കുറ്റപ്പെടുത്തി. ഒരു മതസംഘടനക്കെതിരേ ഇത്ര ഗുരുതരമായ ആരോപണവുമായി ഹൈക്കോടതി തന്നെ നിലപാടെടുക്കുന്നത് അത്യപൂര്‍വമാണ്.

'വ്യത്യസ്ത ആര്യസമാജം സൊസൈറ്റികള്‍ നല്‍കിയ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലും ഹാജരാക്കപ്പെടുന്നുണ്ട്. അവയുടെ സാധുതയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്' 'പ്രസ്തുത സ്ഥാപനം രേഖകളുടെ വിശ്വാസ്യത പരിഗണിക്കാതെ വിവാഹം നടത്തിക്കൊടുക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു.

തന്റെ ഭാര്യയെ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഭോല സിംഗ് എന്നയാള്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തിരുന്നു. വിവാഹിതരാണ് എന്നതിന് ഗാസിയാബാദ് ആര്യസമാജം നല്‍കിയ വിവാഹരേഖയാണ് ഹരജിക്കാരന്‍ ഹാജരാക്കിയത്. വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതിനാല്‍ ഹരജിക്കാരന്‍ പരാതിയില്‍ പറയുന്ന സ്ത്രീയെ വിവാഹം കഴിച്ചുവെന്ന് തെളിയിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

പരാതിയില്‍ പറയുന്ന സ്ത്രീ പ്രായപൂര്‍ത്തിയായ ആളാണെന്നും പരാതിക്കാരനെതിരേ സ്ത്രീയുടെ പിതാവ് പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ കോടതി ഹേബിയസ് കോര്‍പസ് ഹരജി തള്ളി.

വിവാഹവുമായി ബന്ധപ്പെട്ട് ഹിന്ദുമതത്തിലേക്ക് മതംമാറുന്നവര്‍ സാധാരണ ആര്യസമാജം വഴിയാണ് വിവാഹം കഴിക്കുക പതിവ്.

Tags:    

Similar News