ജിന്ന പരാമര്‍ശം നാക്കുപിഴയെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ

Update: 2019-04-27 14:34 GMT

പട്‌ന: ജിന്ന പരാമര്‍ശം നാക്കുപിഴയെന്ന വിശദീകരണവുമായി ശത്രുഘ്‌നന്‍ സിന്‍ഹ. മഹാത്മാ ഗാന്ധി മുതല്‍ മുഹമ്മദലി ജിന്ന വരെ കോണ്‍ഗ്രസ് കുടുംബത്തിന്റെ ഭാഗമാണെന്ന വിവാദ പ്രസ്താവനയിലാണ് വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്തെത്തിയത്. മഹാത്മാ ഗാന്ധി മുതല്‍ മൗലാനാ ആസാദ് വരെ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും എന്നാല്‍ മുഹമ്മദലി ജിന്ന എന്ന് നാക്കുപിഴ മൂലം പറയുകയായിരുന്നുവെന്നും ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിനു വേണ്ടിയുള്ള തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ വിവാദ പരാമര്‍ശം. കോണ്‍ഗ്രസ് നേതാക്കളുടെ പേരിനൊപ്പം പാക് രാഷ്ട്രപിതാവിന്റെ പേര് കൂടി കടന്നുകൂടിയതോടെ പ്രസ്താവന വിവാദമാകുകയായിരുന്നു. തുടര്‍ന്ന് സിന്‍ഹ വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

മഹാത്മാ ഗാന്ധി മുതല്‍ സര്‍ദാര്‍ പട്ടേല്‍, മുഹമ്മദലി ജിന്ന, ജവഹര്‍ലാല്‍ നെഹ്‌റു വരെ എന്ന പ്രസ്താവനയാണ് വിവാദമായത്. ഇവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും വികസനത്തിനും പ്രധാന പങ്ക് വഹിച്ചവരാണെന്ന് സിന്‍ഹ പറഞ്ഞു. താന്‍ കോണ്‍ഗ്രസിലെത്തിയതിനു കാരണവും ഇതാണെന്നായിരുന്നു സിന്‍ഹയുടെ പ്രസംഗം.ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ബിജെപിയുമായി തെറ്റിയ മുതിര്‍ന്ന നേതാവുകൂടിയായ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


Similar News