വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് സുധാകരൻ തന്നെ; അപ്പീൽ നൽകുമെന്ന് ഇപി

Update: 2024-05-21 09:19 GMT

തിരുവനന്തപുരം: വധശ്രമത്തിന് ഗൂഢാലോചന നടത്തിയത് കെ സുധാകരന്‍ തന്നെയാണെന്ന് ഇപി ജയരാജന്‍. സുധാകരനെ വെറുതെവിട്ട ഹൈകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കും. പിണറായി വിജയനെയായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടത്. എത്രകാലം കഴിഞ്ഞാലും കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഇപി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെ കുറ്റവിമുക്തനാക്കിയിരുന്നു. വധശ്രമ കേസിലെ ഗൂഢാലോചന കുറ്റത്തിന് സുധാകരന്‍ വിചാരണ നേരിടണമെന്നായിരുന്നു സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈകോടതി സുധാകരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.

എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ജയരാജനെ 1995 ഏപ്രില്‍ 12ന് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് 2016ലാണ് സുധാകരന്‍ ഹൈകോടതിയെ സമീപിച്ചത്.

ജയരാജന്‍ ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോള്‍ ആന്ധ്രയിലെ ഓഗോളില്‍ വെച്ചായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനില്‍ മുഖം കഴുകുന്നതിനിടെ ഒന്നാം പ്രതി വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് കേസ്. പേട്ട ദിനേശന്‍, ടിപി രാജീവന്‍, ബിജു എന്നിവരാണ് കേസിലെ പ്രതികള്‍.

Tags:    

Similar News