ഇത് മോഡിയെ സുഖിപ്പിക്കാനുള്ള ആക്രമണം; മുഖ്യമന്ത്രിയും സിതാറാം യെച്ചൂരിയും മറുപടി പറയണമെന്നും കെസി വേണുഗോപാല്‍
പോലിസ് നോക്കി നില്‍ക്കെ പോലിസിന്റെ സംരക്ഷണയിലാണ് ആക്രമണം അരങ്ങേറിയത്
തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്ത സംഭവത്തെ രൂക്ഷഭാഷയില്‍ അപലപിച്ച് കെസി വേണുഗോപാല്‍ എംപി. പോലിസ് സംരക്ഷണത്തിലാണ് അക്രമികള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. സിപിഎം നേതൃത്വത്തിന്റ അറിവോടെയാണ് അക്രമം നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം പാര്‍ട്ടി സെക്രട്ടറി സിതാറാം യെച്ചൂരിയും മറുപടി പറയണം. പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോ ഇതെന്നും അദ്ദേഹം ചോദിച്ചു.
'ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കാണ് പരാതി നല്‍കാന്‍ അവകാശം. ഇതനുസരിച്ച് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. ഈ വിഷയത്തില്‍ രാഹുലിനെ പ്രതിക്കൂട്ടിലാക്കി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ക്കുകയെന്ന രീതി ശരിയല്ല. എംപിയുടെ ഓഫിസില്‍ ഇപ്പഴും അക്രമികളുടെ സാന്നിധ്യമുണ്ട്. ആക്രമണമുണ്ടായപ്പോള്‍ പോലിസ് ഒന്നും ചെയ്തില്ല. പോലിസ് നോക്കി നില്‍ക്കെ പോലിസിന്റെ സംരക്ഷണയിലാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. മുന്‍കൂട്ടി തയ്യാറാക്കിയിട്ടുള്ള ഒരാക്രമണമാണെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മറുപടി നല്‍കണം. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉന്നതനായ നേതാവിന്റെ ഓഫിസ് അടിച്ചുതകര്‍ക്കുകയാണോ സിപിഎം രീതി. ഇഡിയെ ഉപയോഗിച്ച് രാഹുലിനെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തതേയുള്ളു, ഇത് മോദിയെ സുഖിപ്പിക്കാനുള്ള ആക്രമണമായിരുന്നു. മോദി നിര്‍ത്തിയിടത്ത് പിണറായി തുടങ്ങുന്ന രീതിയല്ലേ ഈ ആക്രമണമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടി അംഗീകരിച്ച സമരമുറയാണോ എന്ന് യെച്ചൂരി പറയണം'. മൂന്ന് പേരാണ് ഓഫിസിലുണ്ടായിരുന്നത്, നാല്‍പ്പത് പേരടങ്ങിയ സംഘമാണ് ഇവരെ ആക്രമിച്ചതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കല്‍പ്പറ്റയിലെ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസില്‍ കയറി ആക്രമണം നടത്തിയത്. ബഫര്‍സോണ് ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഓഫിസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തതായി കോണ്‍ഗ്രസ് ആരോപിച്ചു. പ്രവര്‍ത്തകര്‍ ഓഫിസിലേക്ക് തള്ളി കയറിയതോടെ പോലിസ് ലാത്തിവീശി. എസ്പി ഓഫിസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.