'ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ'; സൂക്ഷിച്ചില്ലെങ്കിൽ അപകടമെന്ന് വിദഗ്ധർ

Update: 2025-04-18 15:18 GMT
ഇന്ത്യക്കാർ  ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെ; സൂക്ഷിച്ചില്ലെങ്കിൽ അപകടമെന്ന് വിദഗ്ധർ

ന്യൂഡൽഹി: ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കും പോലെയെന്ന് യുഎസിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റും സ്റ്റാൻഡ്-അപ്പ് കൊമേഡിയനുമായ ഡോ. പാൽ എന്നറിയപ്പെടുന്ന ഡോ. പളനിയപ്പൻ മാണിക്കം. എക്സിലാണ് അദ്ദേഹത്തിൻ്റെ പരാമർശം. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തിൻ്റെ ട്വീറ്റ് വൈറലായി. നിരവധി പേരാണ് പ്രതികരണങ്ങളായി രംഗത്തെത്തിയത്.

ഇന്ത്യയിൽ വ്യാപകമായി ലഭ്യമായ വേദനസംഹാരികളിലൊന്നാണ് ഡോളോ 650. തലവേദന, പനി എനിങ്ങനെ നിസാര പ്രശ്നങ്ങൾക്കു വരെ ആളുകൾ ഇപ്പോൾ ഈ മരുന്ന് കഴിക്കുന്നുണ്ട്. ആളുകളുടെ സൈഡ് ബാഗിൽ ഒരു കാലത്ത് വിക്സ് നേടിയെടുത്ത സ്ഥാനം ഇന്ന് പാരസെറ്റമോളും കൈക്കലാക്കി എന്നു പറയാതെ വയ്യ. പാരസെറ്റമോളിൻ്റെ അമിത ഉപയോഗത്തെക്കുറിച്ച് ശ്രദ്ധ ചെലുപ്പിക്കുന്നതിനാണ് ഡോ. പാൽ മേൽ പറഞ്ഞ പോസ്റ്റിട്ടത്.

ആരോഗ്യ വിദ്യാഭ്യാസത്തിനുള്ള ഒരു മാർഗമായാണ് ഡോ. പാൽ നർമ്മത്തെ സ്വീകരിച്ചത്. അതു കൊണ്ടു തന്നെ അദ്ദേഹം സ്റ്റാൻഡ് അപ്പ് കോമഡിയിലൂടെ പറയുന്ന ആരോഗ്യ കാര്യങ്ങൾ പെട്ടെന്ന് വൈറലാവാനും തുടങ്ങി. മധുരയിൽ ജനിച്ച് ഇപ്പോൾ കാലിഫോർണിയയിലെ സാക്രമെന്റോയിൽ താമസിക്കുന്ന ഡോ. പാൽ, വൈദ്യശാസ്ത്രത്തെ നർമ്മവുമായി സംയോജിപ്പിച്ചുകൊണ്ട് "മെഡ്-കോം എന്ന ഒരു ഇടം ഉണ്ടാക്കിയെടുത്തു.

2023-ൽ, സ്വന്തം ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെയും ഇടയ്ക്കിടെയുള്ള ഉപവാസത്തിന്റെ വിശാലമായ ആരോഗ്യ ഗുണങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി കോമഡിയും ശാസ്ത്രവും സംയോജിപ്പിച്ച് "ഫൺ വിത്ത് ഫാസ്റ്റിംഗ്" എന്ന പേരിൽ ഒരു ലൈവ് ഷോ അദ്ദേഹം ആരംഭിച്ചു. ഇത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

ചിരികൾക്ക് പിന്നിൽ, ഡോളോ 650 നെക്കുറിച്ചുള്ള ഡോ. പാലിന്റെ സന്ദേശം ആരോഗ്യ രംഗത്തെ ഗുരുതരമായ പ്രശ്നം ചൂണ്ടിക്കാട്ടുന്ന ഒന്നായിരുന്നു. ഡോളോ ഒരു മിഠായിയല്ലെന്നും പതിവ് ഉപയോഗം ലക്ഷണങ്ങളെ മറയ്ക്കുകയും ശരിയായ രോഗനിർണയം വൈകിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ്-19 മഹാമാരി മുതൽ, പാരസെറ്റമോളിന്റെ ബ്രാൻഡ് നാമമായ ഡോളോ 650, ഇന്ത്യയിലുടനീളം ഒരു സാധാരണ മരുന്നായി മാറി കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.

പാരസെറ്റമോളിന്റെ അമിതവും മേൽനോട്ടമില്ലാത്തതുമായ ഉപയോഗത്തിനെതിരെ ആരോഗ്യ വിദഗ്ധർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടും നമ്മൾ അവയെ അവഗണിക്കുകയും ഏതാണ്ട് ഒരു വിറ്റാമിൻ, മിനറൽ സപ്ലിമെന്റ് കഴിക്കുന്നത് പോലെ, മുന്നും പിന്നും നോക്കാതെ എടുത്തു കഴിക്കുകയും ചെയ്യുന്നുവെന്ന് ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. രാകേഷ് ഗുപ്ത പറയുന്നു.

സാധാരണയിൽ കൂടുതൽ അളവിൽ പാരസെറ്റമോൾ ഉപയോഗിക്കുന്നവരിൽ അതായത് ഒന്ന് മുതൽ രണ്ട് ശതമാനം വരെ പേരിൽ, കരളിന് നിർവീര്യമാക്കാൻ കഴിയാത്ത ഈ വിഷവസ്തുക്കൾ വൃക്കയുടെ ഫിൽട്ടറിംഗ് ശേഷിയെ തകരാറിലാക്കുകയും ചെയ്യുന്നുവെന്നും ചിലപ്പോൾ, അത് ആന്തരിക രക്തസ്രാവം പോലും ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

പാരസെറ്റമോളിൻ്റെ ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്ന വസ്തുത അവഗണിക്കപ്പെടേണ്ട ഒന്നല്ല. വലിയ അമിത അളവിൽ കഴിക്കുന്ന സന്ദർഭങ്ങളിൽ, ഇതിലെ വിഷാംശം കരൾ കോശങ്ങളെ നശിപ്പിക്കുകയും നെക്രോസിസിന് കാരണമാവുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ, കരൾ ഫെയിലിയറിനു വരെ ഇത് കാരണമാവുകയും ചെയ്യും.

യുകെയിലെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പാരസെറ്റമോൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണ് . 2021 ൽ ഇംഗ്ലണ്ടിലും വെയിൽസിലും പാരസെറ്റമോൾ അമിതമായി ഉപയോഗിച്ചതിന്റെ ഫലമായി 227 മരണങ്ങൾ രേഖപ്പെടുത്തി. 2022 ൽ ഈ സംഖ്യ 261 ആയി വർധിച്ചു എന്നത് ഞെട്ടിക്കുന്ന കണക്കാണ്. ചുരുക്കത്തിൽ, ഈ മരുന്ന് വെറുതെ എടുത്ത് വിഴുങ്ങേണ്ട ഒന്നല്ലെന്ന് അർഥം. ജാഗ്രതയുണ്ടായേ തീരൂ, അല്ലെങ്കിൽ ഒരു പക്ഷേ അത് ചിലപ്പോൾ നിങ്ങളുടെ ജീവനെടുത്തേക്കാം.

Similar News