രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ കാഹളം മുഴക്കേണ്ട സമയമായി: പി കെ അബ്ദുല്‍ ലത്തീഫ്

Update: 2021-02-17 15:30 GMT

ചിറ്റാര്‍: രാജ്യത്ത് രണ്ടാം സ്വാതന്ത്ര്യ സമരത്തിന്റെ കാഹളം മുഴക്കേണ്ട സമയമാണിതെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയംഗം പി കെ അബ്ദുല്‍ ലത്തീഫ്. പോപുലര്‍ ഫ്രണ്ട് ഡേയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചിറ്റാറില്‍ സംഘടിപ്പിച്ച യൂണിറ്റി മാര്‍ച്ചിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിന്റെയും വിഭാഗിയതയുടേയും പ്രചാരകരായ ആര്‍എസ്എസും മോദി സര്‍ക്കാരും രാജ്യത്തെ ജനാധിപത്യ, ഫെഡറല്‍ സംവിധാനങ്ങളെ അട്ടിമറിച്ച് പൗരാവാകാശങ്ങളെ കശാപ്പ് ചെയ്യുകയാണ്. മോദിയുടെ നെറികെട്ട ഭരണത്തേയും സംഘപരിവാര ഭീകരതയേയും വിമര്‍ശിച്ചതിന്റെ പേരില്‍ നിരപരാധികളായ യുവാക്കളേയും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മത നേതാക്കളേയും മാധ്യമ പ്രവര്‍ത്തകരേയും കള്ളക്കേസുകളില്‍ കുടുക്കി തുറങ്കിലടയ്ക്കുകയാണ്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഭീകരാക്രമണം എന്ന കെട്ടുകഥ ചമച്ച് രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തത്. പൗരന്‍മാരെ അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യോഗിയുടെ ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു. രാജ്യത്തിന്റെ പൊതുശത്രുക്കളായ ഹിന്ദുത്വവാദികളെ ചെറുത്ത് തോല്‍പ്പിക്കേണ്ട സാഹചര്യം എത്തിയിരിക്കുന്നു. നാളെയുടെ ശോഭനമായ പുലരിക്ക് നേതൃത്വം നല്‍കാന്‍ പോപുലര്‍ ഫ്രണ്ട് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ, വിദ്യാര്‍ത്ഥികള്‍ മുതല്‍ പണ്ഡിതന്‍മാര്‍ വരെ ആര്‍എസ്എസുകാരും കോര്‍പറേറ്റുകളുമല്ലാത്ത എല്ലാവരും ഭരണകൂട വേട്ടക്ക് വിധേയമാകുന്ന ഈ കെട്ട കാലത്ത്, വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിക്കുകയും ഒരുമിച്ച് മുന്നേറുകയും ചെയ്യണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. പോപുലര്‍ ഫ്രണ്ട് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് സജീവ് പഴകുളം അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ വി എം ഫഹദ് വിഷയാവതരണം നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോഷി ജോസഫ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അന്‍സാരി ഏനാത്ത്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് അനീഷ ഷാജി, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ചുങ്കപ്പാറ, വിമന്‍സ് ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് എസ് ഷൈലജ, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സാദിഖ് അഹമ്മദ്, ചിറ്റാര്‍ ഏരിയാ പ്രസിഡന്റ് മുഹമ്മദ് ഫാസില്‍ സംസാരിച്ചു. രാജ്യതലസ്ഥാനത്ത് പൊരുതുന്ന കര്‍ഷകര്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമരത്തില്‍ നിരവധി കര്‍ഷക സഹോദരങ്ങളാണ് ജീവന്‍ ബലിനല്‍കിയത്. അവരോടുള്ള ആദര സൂചകമായി ഈ പൊതുസമ്മേളനം മൗനമാചരിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. സമ്മേളനത്തിന് മുന്നോടിയായി ചിറ്റാര്‍ ടൗണില്‍ കേഡറ്റുകള്‍ അണിനിരന്ന യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും നടന്നു.

Tags:    

Similar News