പോലിസ് കസ്റ്റഡിയില്‍ 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദനം; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
ആലപ്പുഴ: ആലപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ യുവാവിനെ ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു മര്‍ദ്ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി.
മണ്ണഞ്ചേരി മച്ചനാട് വെളി മുഹമ്മദ് ഫിറോസാണ് മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ജില്ലാ കളക്ടര്‍, ജില്ലാ പൊലിസ് മേധാവി, പൊലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്‍കിയത്.
ഡിസംബര്‍ 20ാം തിയ്യതി രാത്രി പത്തരയോടെയാണ് ഫിറോസിനെ യൂനിഫോം ധരിക്കാത്ത പോലിസുകാര്‍ വീട്ടില്‍നിന്ന് കൊണ്ടുപോയത്. പോലിസ് വാഹനത്തില്‍ കയറിയ ഉടനെ കഠിനമായി മര്‍ദ്ദിച്ചു. ആലപ്പുഴ ഡിവൈഎസ്പി ഓഫിസിന്റെ പുറകുവശത്ത് എത്തിച്ച് അവിടെ വച്ചും നേരം വെളുക്കുംവരെ മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിനിടയില്‍ പല തവണ 'വന്ദേ മാതര'വും 'ജയ് ശ്രീറാ'മും വിളിപ്പിക്കാന്‍ ശ്രമിച്ചു. വിളിക്കില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും മര്‍ദ്ദിച്ചു. സുന്നത്ത് ചെയ്തിട്ടുണ്ടോയെന്ന് ഒരു പോലിസുകാരന്‍ മര്‍ദ്ദിക്കുന്നതിനിടയില്‍ ചോദിച്ചിരുന്നു. സ്വര്‍ഗത്തില്‍ ഹൂറിലീങ്ങളെ കിട്ടുവാന്‍ വേണ്ടിയാണോ അതെന്ന് ചോദിക്കുക മാത്രമല്ല, മുസ് ലിംകളെ കേട്ടാല്‍ അറപ്പുളവാക്കുന്ന തരത്തില്‍ തെറി വിളിക്കുകയും ചെയ്തു. നേതാക്കന്മാരെയും വീട്ടിലെ സ്ത്രീകളെയും അറപ്പുളവാക്കുന്ന തെറിവിളിച്ചു. രാവിലെ പത്ത് മണിക്കാണ് സ്റ്റേഷനില്‍ നിന്ന് വിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. എന്തിനാണ് മര്‍ദ്ദിച്ചതെന്നോ എന്താണ് കാരണമെന്നോ പറഞ്ഞില്ല. എസ്ഡിപിഐക്കാരനാണോയെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം.
ഫിറോസിന് മര്‍ദ്ദനത്തെത്തുടര്‍ന്ന് മൂത്രം പോകാന്‍ ബുദ്ധിമുട്ടുണ്ട്. രാജേഷ് എന്ന് പേരുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് മര്‍ദ്ദിച്ചതെന്നും പരാതിയില്‍ പറയുന്നു.
ആലപ്പുഴയില്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സമാധാന യോഗത്തില്‍ വച്ച് എസ്ഡിപിഐയുടെ ജില്ലാ നേതാവാണ് മര്‍ദ്ദനവിവരം ആദ്യം വെളിപ്പെടുത്തുന്നത്.