'ജനകീയം 2022' ജില്ലാതല ക്വിസ് മല്‍സരം; മുഴപ്പിലങ്ങാട് പഞ്ചായത്ത് ടീമിന് ഒന്നാം സ്ഥാനം
കണ്ണൂര്‍: 'ജനകീയം 2022' ജില്ലാതല ക്വിസ് മല്‍സരത്തില്‍ മുഴപ്പിലങ്ങാട് പഞ്ചായത്ത് ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. റജീന ടീച്ചര്‍ (ചെയര്‍പേഴ്‌സന്‍: ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി), സുജിത്ത് (പ്ലാന്‍ ക്ലര്‍ക്ക്) എന്നിവര്‍ അടങ്ങിയ ടീമിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. ആസാദി കാ അമൃത് മഹോല്‍സവ്, അധികാര വികേന്ദ്രീരണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നിവയുടെ ഭാഗമായി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാനില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് വകുപ്പ് ജില്ലാ, സംസ്ഥാന തലങ്ങളിലാണ് ക്വിസ് മല്‍സരം സംഘടിപ്പിച്ചത്.
കണ്ണൂര്‍ ജില്ലയിലെ പഞ്ചായത്തുകളെ അഞ്ച് യൂനിറ്റുകളായി തിരിച്ച് ആദ്യം യൂനിറ്റ് തല മല്‍സരമാണ് നടന്നത്. ഇതില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിച്ചവരാണ് ജില്ലാതല മല്‍സരത്തില്‍ പങ്കെടുത്തത്. ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇവര്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന സംസ്ഥാനതല മല്‍സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിട്ടുണ്ട്. വിജയികളായവര്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: ബിനോയ് കുര്യനില്‍ നിന്നും ഉപഹാരം സ്വീകരിച്ചു.