
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ആള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) നേതൃത്വത്തിലുള്ള ഇടതുസഖ്യത്തിന് വിജയം. നാലില്‍ മൂന്നു സീറ്റുകളും സഖ്യത്തിന് ലഭിച്ചു. ഒരു സീറ്റ് സംഘപരിവാര സംഘടനയായ എബിവിപിക്ക് ലഭിച്ചു. പ്രസിഡന്റായി ഐസയുടെ നിതീഷ് കുമാറും വൈസ്പ്രസിഡന്റായി ഐസയുടെ സഖ്യകക്ഷിയായ ഡിഎസ്എഫിന്റെ മനീഷ ഉപാധ്യായയും ജനറല്‍ സെക്രട്ടറിയായി മുന്‍തഹ ഫാത്തിമയും തിരഞ്ഞെടുക്കപ്പെട്ടു. എബിവിപിയുടെ വൈബവ് മീനയാണ് ജോയിന്റ് സെക്രട്ടറി. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ എബിവിപിക്കായിരുന്നു മുന്‍തൂക്കം. പിന്നീട് ഇടതുസഖ്യം മേല്‍ക്കൈ വരിക്കുകയായിരുന്നു.

വിജയത്തിന്റെ ക്രെഡിറ്റ് വിദ്യാര്‍ഥികള്‍ക്കാണെന്ന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മനീഷ പറഞ്ഞു. '' ജെഎന്‍യു ചുവപ്പായിരുന്നു, ചുവപ്പായി തുടരുകയും ചെയ്യും. ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കായി ശബ്ദം ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇനിയും അതുതുടരും.''-മനീഷ പറഞ്ഞു. വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് മുന്‍തഹ ഫാത്തിമയും പറഞ്ഞു.