'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദര്‍ശിപ്പിക്കാനൊരുങ്ങി ജെഎന്‍യു വിദ്യാര്‍ഥികള്‍

ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ

Update: 2024-12-17 10:20 GMT

ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററിയായ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദര്‍ശിപ്പിക്കാനൊരുങ്ങി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥികള്‍. പ്രദര്‍ശന വിലക്കുണ്ടെങ്കിലും ചൊവ്വാഴ്ച രാത്രി കാംപസില്‍ പരിപാടി ആസൂത്രണം ചെയ്തതുപോലെ നടക്കുമെന്ന് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എഐഎസ്എഫ്) സ്ഥിരീകരിച്ചു.

ചിത്രത്തിന്റെ പ്രദര്‍ശനം 'അനധികൃതവും അനാവശ്യവും' എന്ന് പറഞ്ഞ കാംപസ് അധികൃതര്‍, ചിത്രം സാമുദായിക സൗഹാര്‍ദവും സമാധാനപരമായ അന്തരീക്ഷവും തകര്‍ക്കും എന്ന് വ്യക്തമാക്കി. സര്‍വകലാശാലയുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേ സമയം ഇന്ത്യ മുഴുവന്‍ ഇതിനകം ഈ സിനിമ കണ്ടു. അതിനാല്‍, ഇത് പ്രദര്‍ശിപ്പിക്കുന്നതില്‍ തെറ്റുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ന് രാത്രി ഷെഡ്യൂള്‍ ചെയ്തതുപോലെ സ്‌ക്രീനിംഗ് നടക്കുമെന്ന് എഐഎസ്എഫ് വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍ പറഞ്ഞു.2019 ലെ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്ലാമിയയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പോലിസ് നടത്തിയ ആക്രമണത്തിന്റെ സ്മരണാര്‍ത്ഥമാണ് ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള എഐഎസ്എഫിന്റെ തീരുമാനം.

ഗുജറാത്തില്‍ 2002 ല്‍ നടന്ന കലാപത്തെ കേന്ദ്രീകരിച്ചുള്ള ബിബിസി ഡോക്യുമെന്ററിയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തി എന്നു പറഞ്ഞ് ഗുജറാത്ത് ആസ്ഥാനമായ ജസ്റ്റിസ് ഓണ്‍ ട്രയല്‍ ഗ്രൂപ്പ് ബിബിസിക്കെതിരേ കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് ഈ ഡോക്യുമെന്ററി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.

Tags:    

Similar News