മദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല

Update: 2024-05-06 08:57 GMT

ന്യൂഡല്‍ഹി: 2021-22ലെ ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിനലും നടപ്പാക്കിയതിലും ക്രമക്കേട് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് കവിതയുടെ ജാമ്യാപേക്ഷ തള്ളിയത്.

തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ മകളായ കവിതയെ മാര്‍ച്ച് 15നാണ് മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 23 വരെ സിബിഐയുടെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഏപ്രില്‍ ഒന്നിന് സിബിഐ അറസ്റ്റ് ചെയ്ത കവിതയെ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മകന് പരീക്ഷയായതിനാല്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കവിത സമര്‍പ്പിച്ച ഹരജി ഏപ്രില്‍ ഒമ്പതിന് ഡല്‍ഹി കോടതി തള്ളിയിരുന്നു. കവിതയെ കൂടാതെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മുതിര്‍ന്ന എഎപി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയിന്‍ എന്നിവരും തിഹാര്‍ ജയിലിലാണ്.

കവിത ഉള്‍പ്പെട്ട സൗത്ത് ഗ്രൂപ്പ് എഎപിക്ക് 100 കോടി രൂപ കോഴയായി നല്‍കിയെന്നാണ് ഇഡിയുടെ ആരോപണം. ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇഡി കോടതിയില്‍ വാദിച്ചു.

Tags:    

Similar News