'സിപിഎമ്മും സിപിഐയും നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനിയോഗിച്ചത് വനംകൊള്ളയിലൂടെ സമാഹരിച്ച കോടികള്‍'-കെ സുധാകരന്‍
വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നത്. സത്യം പുറുത്ത് വരണമെങ്കില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: വനം കൊള്ളയിലൂടെ സിപിഎമ്മും സിപിഐയും സമാഹരിച്ച കോടികളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനിയോഗിച്ചതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. മുന്‍ വനംമന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് വ്യാപകമായ വനം കൊള്ള നടന്നതെന്ന രേഖകളും കണ്ടെത്തലുകളും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
വിവാദ ഉത്തരവ് പിന്‍വലിച്ചതിനുശേഷം ഉടനേ മന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെ തുടര്‍ന്നാണ് കോടിക്കണക്കിനു രൂപയുടെ തടി വയനാട് മുട്ടിലില്‍ നിന്ന് എറണാകുളത്തെ മില്ലിലെത്തിയത്. ചെക്‌പോസ്റ്റില്‍ പരിശോധന കൂടാതെയും ഫഌയിങ് സ്‌ക്വാഡിനെ പിന്‍വലിച്ചും മരംകടത്ത് സുഗമമാക്കി.
നിയമങ്ങളും ചട്ടങ്ങളും കാറ്റില്‍പ്പറത്തി ഉത്തരവിറക്കി ശതകോടികളുടെ വനംകൊള്ളയ്ക്ക് അവസരം ഒരുക്കുക മാത്രമല്ല, കള്ളത്തടി കടത്താനും കൂട്ടുനിന്നു എന്നത് അതീവഗുരുതരമാണ്. കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയുടെ അറ്റം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നത്. വനംകൊള്ളയുടെ ആഴവും പരപ്പും ഇനിയും പുറത്തുവരാനിരിക്കുന്നു. ഈ കൊള്ളയിലൂടെ സിപിഎമ്മും സിപിഐയും സമാഹരിച്ച കോടികളാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനിയോഗിച്ചത്. കേരളത്തിന്റെ അമൂല്യസ്വത്ത് കൊള്ളയടിച്ച് കിട്ടിയ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ച പിണറായി സര്‍ക്കാരിന് ധാര്‍മിക അടിത്തറ നഷ്ടപ്പെട്ടു. വനംകൊള്ളക്കാരുടെ മുഖമാണ് ഇപ്പോള്‍ ഈ സര്‍ക്കാരിനുള്ളത്.
കഴിഞ്ഞ സര്‍ക്കാരിലെ വനംമന്ത്രിയും റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും ഉള്‍പ്പെട്ടകേസാണ് പോലിസ് അന്വേഷിക്കുന്നത്. അനധികൃതമായി ഇറക്കിയ ഉത്തരവിന്റെ പിന്നാമ്പുറങ്ങളിലേക്ക് എത്താനോ, ഉന്നതരുടെ ഇടപെടലുകള്‍ കണ്ടെത്താനോ പോലിസ് അന്വേഷണത്തില്‍ കഴിയില്ല. വനംവകുപ്പിന്റെ അന്വേഷണത്തില്‍ കുറ്റക്കാരെ വെള്ളപൂശുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ജുഡീഷ്യല്‍ അന്വേഷണമോ, ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമോ നടത്തിയാല്‍ മാത്രമേ സത്യം പുറത്തുവരുകയുള്ളുവെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
മരംമുറിയുടെ പേരില്‍ നിരപരാധികളായ കര്‍ഷകരുടെയും ദലിത് ആദിവാസികളുടെയും മേല്‍ കേസെടുത്തത് വളരെ ക്രൂരമാണ്. ഇത് അടിയന്തരമായി സര്‍ക്കാര്‍ പുനഃപരിശോധിക്കണം. ഇവര്‍ക്ക് നാമമാത്രമായ പണം നല്കി ഇടനിലക്കാരാണ് കൊള്ള നടത്തിയത്. കര്‍ഷകരെയും ദലിത്-ആദിവാസികളെയും മറയാക്കി കേരളം കണ്ട ഏറ്റവും വലിയ വനംകൊള്ളയില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം വിലപ്പോകില്ല. കര്‍ഷകരുടെയും ദലിത് ആദിവാസികളുടെയും ന്യായമായ ആവശ്യങ്ങളോട് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. സത്യം പുറത്തുവരുന്നതുവരെ കോണ്‍ഗ്രസ് സമരമുഖത്തുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.