കൊവിഡ് 19: മലപ്പുറം ജില്ലയിലെ ഹോട്ട് സ്പോട് പട്ടികയില്‍ കാലടി പഞ്ചായത്തിനേയും ഉള്‍പ്പെടുത്തി; ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമ പഞ്ചായത്തുകളും ഹോട്ട് സ്‌പോടുകള്‍, ഹോട്ട് സ്‌പോടുകളില്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ കൂടി അനുവദിച്ചു

ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്‌പോട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

Update: 2020-04-28 12:59 GMT

മലപ്പുറം: കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച മലപ്പുറം ജില്ലയില്‍ നിലവില്‍ ഹോട്ട് സ്‌പോടുകളായുള്ളത് ഒരു നഗരസഭ വാര്‍ഡും ഏഴ് ഗ്രാമപ്പഞ്ചായത്തുകളും. കാലടി ഗ്രാമപ്പഞ്ചായത്താണ് പുതിയതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. മഞ്ചേരി നഗരസഭയിലെ വാര്‍ഡ് 17, തലക്കാട്, വേങ്ങര, കണ്ണമംഗലം, ഒഴൂര്‍, എ ആര്‍ നഗര്‍, ചുങ്കത്തറ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ ഹോട്ട് സ്‌പോടുകളായി തുടരുന്നു. ഇവിടങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകളൊന്നും ഹോട്ട് സ്‌പോട് പ്രദേശങ്ങളില്‍ ബാധകമല്ലെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

ഹോട്ട് സ്‌പോട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പുറമെ ചില ഇളവുകള്‍ കൂടി ഉപാധികളോടെ പ്രഖ്യാപിച്ചിട്ടുണ്ട്.

• ഏപ്രില്‍ 30 മുതല്‍ സ്വകാര്യ മേഖലയില്‍ ലഭ്യമായ തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കാം. തൊഴിലാളികളുടെ എണ്ണം 10 ല്‍ കൂടരുത്. ഇവര്‍ തൊഴിലിടത്തിനടുത്തായി ആരോഗ്യ ജാഗ്രത ഉറപ്പാക്കി താമസിക്കണം. തൊഴിലാളികളുടെ മറ്റ് സ്ഥലങ്ങളിലേയ്ക്കുള്ള യാത്ര യാതൊരു കാരണവശാലും അനുവദിക്കില്ല.

• ഗ്ലാസ്, പെയിന്റ്, ഹാര്‍ഡ്വെയര്‍ ഷോപ്പുകള്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തുറക്കാം. സാമൂഹ്യ അകലവും ആരോഗ്യ ജാഗ്രതയും കര്‍ശനമായി പാലിക്കണം. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് പ്രവര്‍ത്തന സമയം.

• മലഞ്ചരക്ക് വ്യാപാര കേന്ദ്രങ്ങള്‍ക്ക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് മണിവരെ പ്രവര്‍ത്തിക്കാം. ആരോഗ്യ ജാഗ്രത പൂര്‍ണ്ണമായും ഉറപ്പാക്കിയാവണം പ്രവര്‍ത്തനം.

• ഓഫ് സെറ്റ് പ്രിന്റിംഗ് പ്രസുകളില്‍ വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത മെഷീനുകള്‍ വൃത്തിയാക്കുന്നതിന് ശനിയാഴ്ച തുറക്കാം. എന്നാല്‍ പ്രിന്റിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ഉപഭോക്താക്കളെ സ്ഥാപനത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കുകയോ ചെയ്യരുത്. 

Tags:    

Similar News