ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയതിന് അറസ്റ്റിലായ കാളിചരന്‍ മഹാരാജിനെ വിട്ടയയ്ക്കണമെന്ന്; മധ്യപ്രദേശില്‍ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം

Update: 2022-01-03 04:16 GMT

ഭോപാല്‍: ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുകയും അദ്ദേഹത്തിന്റെ കൊലയാളി നാഥുറാം ഗോഡ്‌സെയെ മഹത്വപ്പെടുത്തുകയും ചെയ്ത മതനേതാവ് കാളിചരന്‍ മഹാരാജിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധം നടത്തി. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് കാളിചരന്‍ മഹാരാജ് പറഞ്ഞതെന്നും അതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നും ബജ്‌റംഗദള്‍ നേതാവ് സന്ദീപ് കുശ്വാഹ പറഞ്ഞു.

'അദ്ദേഹം (കാളിചരണ്‍ മഹാരാജ്) പറഞ്ഞത് സത്യമാണ്. അത് എല്ലാവര്‍ക്കും അറിയാം. എന്തായാലും ഗാന്ധി എന്താണ് ചെയ്തത്? ഒരു ചക്രം കറക്കി സ്വാതന്ത്ര്യം നേടാമായിരുന്നെങ്കില്‍ എല്ലാവരും അത് ചെയ്യുമായിരുന്നു. ഭഗത് സിംഗിന്റെ ത്യാഗമാണ് സ്വാതന്ത്ര്യം നേടിയത്. ..ചര്‍ക്ക കറക്കി ആര്‍ക്കും സ്വാതന്ത്ര്യം കിട്ടില്ല''- സന്ദീപ് കുശ്വാഹ പരിഹസിച്ചു.

പ്രതിഷേധത്തിനു ശേഷം ബജ്‌റംഗദള്‍ നേതാക്കള്‍ പോലിസ് കമ്മീഷണര്‍ക്ക് പരാതിയും നല്‍കി.

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയെയും അഭിസംബോധന ചെയ്ത് നല്‍കിയ പരാതിയില്‍ കോണ്‍ഗ്രസ് നേതാക്കളായ മണിശങ്കര്‍ അയ്യരെയും ദിഗ് വിജയ സിങ്ങിനെയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയെയും പ്രതിചേര്‍ത്ത് കേസെടുക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മൂന്ന് നേതാക്കളും ഹിന്ദുമതത്തെ നിരന്തരം അപമാനിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.

ഇന്‍ഡോറിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് പ്രതിഷേധം അരങ്ങേറിയത്. പ്രതിഷേധക്കര്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രിക്കെതിരേ മുദ്രാവാക്യം വിളിച്ചു.

ധര്‍മ്‌സന്‍സദില്‍ മഹാത്മാഗാന്ധിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനാണ് ഛത്തിസ്ഗഢിലെ റായ് പൂര്‍ പോലിസ് മധ്യപ്രദേശിലെ ഖജുരാവൊയില്‍ നിന്ന് കാളിചരണ്‍ മഹാരാജിനെ അറസ്റ്റ് ചെയ്തത്. റായ്പൂരിലെ തിക്രപാര പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ഇസ് ലാമിന്റെ ലക്ഷ്യം രാഷ്ട്രീയത്തിലൂടെ ഇന്ത്യയുടെ അധികാരം പിടിച്ചെടുക്കുകയാണെന്നും മഹാത്മാഗാന്ധി രാജ്യത്തെ നശിപ്പിച്ചുവെന്നും ഗാന്ധിയെ കൊന്നതിന് നാഥുറാം ഗോഡ്‌സെക്ക് നന്ദിയെന്നും ഇയാള്‍ പ്രസംഗിച്ചു. പൂനെ പോലിസും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. പൂനെയിലെ ഒരു പരിപാടിയിലും ഇയാള്‍ പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നു. 

Tags:    

Similar News