'കളിക്കളം' കായിക മേളയ്ക്ക് ഞായറാഴ്ച തുടക്കം; 1200 കുട്ടികള്‍ മാറ്റുരയ്ക്കും, 20 എംആര്‍എസും 112 ട്രൈബല്‍ ഹോസ്റ്റലുകളും ഭാഗമാകും

കാര്യവട്ടം എല്‍എന്‍സിപിഇയില്‍ (ലക്ഷ്മിഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍) നടക്കുന്ന വിവിധ മത്സരങ്ങളില്‍ 1200 കുട്ടികള്‍ മാറ്റുരയ്ക്കും.

Update: 2019-11-23 15:03 GMT

തിരുവനന്തപുരം: പട്ടികവര്‍ഗ വികസനവകുപ്പിനു കീഴിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കായിക മാമാങ്കം കളിക്കളത്തിന് ഞായറാഴ്ച തിരിതെളിയും. കാര്യവട്ടം എല്‍എന്‍സിപിഇയില്‍ (ലക്ഷ്മിഭായി നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍) നടക്കുന്ന വിവിധ മത്സരങ്ങളില്‍ 1200 കുട്ടികള്‍ മാറ്റുരയ്ക്കും. 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ നിന്നും 112 ട്രൈബല്‍ ഹോസ്റ്റലുകളില്‍ നിന്നുമുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. രാവിലെ ഒന്‍പതിന് സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍ എല്‍എന്‍സിപിഇ സ്‌റ്റേഡിയത്തിലും ബാഡ്മിന്റണ്‍ മത്സരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബിലുമാകും നടക്കുക. മികച്ച ഓട്ടക്കാര്‍ക്കും നീന്തല്‍ താരങ്ങള്‍ക്കും പ്രത്യേക ട്രോഫികളും കൂടുതല്‍ മെഡല്‍ നേടുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് ഓവറാള്‍ ട്രോഫിയും സമ്മാനിക്കും. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി കബടി, ഫുഡ്‌ബോള്‍, ഖോ ഖോ മല്‍സരങ്ങള്‍ പുതുതായി ഉള്‍പ്പെടുത്തി.

26ന് വൈകീട്ട് നാലിന് മേള സമാപിക്കും. പട്ടിക വര്‍ഗവികസന വകുപ്പ് മന്ത്രി എ കെ ബാലന്‍ സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. വീരു എന്ന ആനക്കുട്ടിയാണ് മേളയുടെ ഭാഗ്യചിഹ്നം.

Tags:    

Similar News