എംവി ജയരാജന് മറുപടി പറയേണ്ടത് താനല്ല; സിപിഎം-സിപിഐ വാക്‌പോരില്‍ പ്രതികരണവുമായി കാനം രാജേന്ദ്രന്‍

സിപിഐയില്‍ നിന്ന് പോയ ആളുകള്‍ ചേര്‍ന്നാണ് സിപിഎം ഉണ്ടാക്കിയതെന്ന് മറക്കരുതെന്നും കാനം രാജേന്ദ്രന്‍

Update: 2021-12-06 13:10 GMT

തിരുവനന്തപുരം: സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരന്‍ സിപിഐയില്‍ ചേര്‍ന്നതിന് പിന്നാലെ നടക്കുന്ന വാക്‌പോരില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ ദിവസം സിപിഐ നടപടിയെ വിമര്‍ശിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന് മറുപടിയുമായാണ് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

സിപിഎമ്മില്‍ നിന്ന് സിപിഐയിലേക്കും തിരിച്ചും ആളുകള്‍ പോകാറുണ്ട്. ഇക്കാര്യത്തില്‍ അസ്വഭാവികതയൊന്നുമില്ല. എം വി ജയരാജന് മറുപടി പറയേണ്ടത് താനല്ല. ചരിത്രം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1964 ലെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍പ്പ് ചൂണ്ടിക്കാട്ടിയ കാനം, സിപിഐയില്‍ നിന്ന് പോയ ആളുകള്‍ ചേര്‍ന്നാണ് സിപിഎം ഉണ്ടാക്കിയതെന്ന് മറക്കരുതെന്നും ഓര്‍മ്മപ്പെടുത്തി. 

സകല കുറ്റങ്ങളും ചെയ്യുന്നവര്‍ക്ക് കയറിക്കിടക്കാവുന്ന കൂടാരമാണ് കണ്ണൂരിലെ സിപിഐ എന്നായിരുന്നു എംവി ജയരാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സിപിഎം പുറത്താക്കുന്നവര്‍ക്ക് അഭയം നല്‍കാനാണോ സിപിഐ ഇരിക്കുന്നതെന്നും ഇങ്ങനൊരു ഗതികേട് സിപിഐയ്ക്ക് വന്നതില്‍ വിഷമമുണ്ടെന്നും ജയരാജന്‍ പറഞ്ഞിരുന്നു.

സിപിഎം പുറത്താക്കിയ കോമത്ത് മുരളീധരന്‍ സിപിഐയില്‍ ചേര്‍ന്നതിന് പിന്നാലെ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു എം ജയരാജന്റെ പ്രതികരണം. അതേസമയം തളിപ്പറമ്പിലുണ്ടായത് പ്രദേശിക പ്രശ്‌നമാണെന്നും നടപടിയെടുത്തവരെ സ്വീകരിക്കുക എന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് യോജിച്ച നയമല്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു. എന്നാല്‍ എം വി ജയരാജന്റെ പ്രസ്താവന ഗൗരവത്തില്‍ എടുക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും സ്വീകരിക്കുമെന്നും സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ്‌കുമാര്‍ വ്യക്തമാക്കി. വിവാദങ്ങളുടെ ബോക്‌സ് തുറക്കാതിരിക്കുന്നതാണ് നല്ലതെന്നും മാന്ധംകുണ്ടില്‍ സിപിഐ സ്ഥാപിച്ച പതാക അവിടെത്തന്നെ ഉണ്ടാകുമെന്നും പി സന്തോഷ് കുമാര്‍ പറഞ്ഞു.

Tags:    

Similar News