കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ സഹോദരനെയും അമ്മാവനെയും വെടിവച്ചു കൊന്ന കേസില്‍ പ്രതി കാഞ്ഞിരപ്പള്ളി കരിമ്പാനയില്‍ ജോര്‍ജ് കുര്യന് ഇരട്ട ജീവ പര്യന്തം. 20 ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴത്തുക കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നല്‍കണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.
2022 മാര്‍ച്ച് ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് ഇയാള്‍ വെടിവച്ചുകൊന്നത്. 2 വര്‍ഷത്തോളം നീണ്ട നിന്ന് വിചാരണക്കൊടുവിലാണ് വിധി. കാഞ്ഞിരപ്പള്ളി പോലിസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.കേസില്‍ 76 സാക്ഷിമൊഴികള്‍ 278 പ്രമാണങ്ങള്‍, 75 സാഹചര്യ തെളിവുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി.
വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്ക് കണ്ടെത്തി ഹാജരാക്കാന്‍ കഴിഞ്ഞത് നേട്ടമായി. കൊലപാതകം, വീട് കയറി ആക്രമിക്കല്‍, ആയുധം കൈയ്യില്‍വയ്ക്കല്‍, സാക്ഷികളെ ഭീഷണിപ്പെടുത്തല്‍ തുടങ്ങി ചുമത്തിയ കുറ്റങ്ങളെല്ലാം തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞു.