കാപ്പാട് ലോക ടൂറിസം ഭൂപടത്തിലേക്ക്: ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് തിരഞ്ഞെടുത്തു

പുരസ്‌കാര നേട്ടത്തോടെ ബ്ലൂ ഫ്‌ളലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ ഇടം പിടിച്ചു.

Update: 2020-10-12 04:06 GMT

കോഴിക്കോട്: കോഴിക്കോട് കാപ്പാട് ബീച്ച് ലോക പരിസ്ഥിതിഭൂപടത്തിലേക്ക്. പരിസ്ഥിതി സൗഹൃദബീച്ചുകള്‍ക്ക് നല്‍കുന്ന രാജ്യാന്തര ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റിന് രാജ്യത്തെ എട്ട് തീരങ്ങളോടൊപ്പം കാപ്പാടിനെയും തിരഞ്ഞെടുത്തു. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി 33 മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയതിനു ശേഷമാണ് കാപ്പാടിനെ തിരഞ്ഞെടുത്തത്. ആദ്യമായിട്ടാണ് ഒരു രാജ്യത്തെ എട്ട് കടല്‍ത്തീരങ്ങള്‍ക്ക് ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിക്കുന്നതെന്നും ഇത് അനിതരസാധാരണമായ നേട്ടമാണെന്നും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് ഇന്ത്യയുടെ സുസ്ഥിര വികസന-പരിസ്ഥിതി സംരക്ഷണ നടപടികള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പുരസ്‌കാര നേട്ടത്തോടെ ബ്ലൂ ഫ്‌ളലാഗ് അംഗീകാരമുള്ള 50 രാഷ്ട്രങ്ങളുടെ കൂട്ടായ്മയില്‍ ഇന്ത്യ ഇടം പിടിച്ചു. തീരമേഖലയിലെ മലിനീകരണനിയന്ത്രണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിലെ മികച്ച നടപടികള്‍' വിഭാഗത്തിന് കീഴില്‍ മൂന്നാം സ്ഥാനവും ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. കാപ്പാടിനു പുറമെ ശിവരാജ്പൂര്‍ (ദ്വാരക-ഗുജറാത്ത്) ഗൊഘ്‌ല (ദിയു), കാസര്‍ഗോഡ്-പടുബിദ്രി (കര്‍ണാടക), റുഷികൊണ്ട (ആന്ധ്രപ്രദേശ്) ഗോള്‍ഡന്‍ (പുരി-ഒഡീഷ), രാധാനഗര്‍ (ആന്‍ഡമാന്‍ ദ്വീപ് സമൂഹം) എന്നീ തീരങ്ങള്‍ക്കും ബ്ലൂ ഫ്‌ളാഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്.

Tags:    

Similar News