കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ആത്മഹത്യ ചെയ്തു
നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ബെംഗളൂരു: കര്‍ണാടക നിയമസഭ കൗണ്‍സില്‍ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) ആത്മഹത്യ ചെയ്തു. റെയില്‍വെ പാളത്തിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ധര്‍മഗൗഡയുടെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മൃതദേഹം കണ്ടത്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
നിയമസഭാ സമ്മേളനത്തില്‍ ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ കോണ്‍ഗ്രസ് അംഗങ്ങള്‍ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. നിയമസഭാ അധ്യക്ഷനായ പ്രതാപ് ചന്ദ്ര ഷെട്ടിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ ഭരണകക്ഷിയായ ബിജെപിയുമായി ഗൗഡ അവിഹിതസഖ്യമുണ്ടാക്കി എന്നാരോപിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ ധര്‍മ ഗൗഡയെ കയ്യേറ്റം ചെയ്യുകയുമുണ്ടായി. നിയമസഭാ അധ്യക്ഷനെതിരെ ബിജെപി അവിശ്വാസപ്രമേയം കൊണ്ടു വരാനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടയിലാണ് ഗൗഡ ആത്മഹത്യ ചെയ്തത്.