ബെംഗളൂരു: ശനിയാഴ്ച കര്‍ണാടകയിലെ ഒരു മന്ത്രി പട്ടയവിതരണച്ചടങ്ങിനിടയില്‍ യുവതിയുടെ മുഖത്തടിച്ചു. ബിജെപി മന്ത്രി വി സോമണ്ണയാണ് പൊതുപരിപാടിയില്‍വച്ച് പ്രകോപനപരമായി പെരുമാറിയത്.
കര്‍ണാടകയിലെ അടിസ്ഥാന സൗകര്യ വികസന മന്ത്രിയും ബിജെപി നേതാവുമായ വി സോമണ്ണ ചാമരാജനഗര്‍ ജില്ലയിലെ ഹംഗല ഗ്രാമത്തില്‍ ഒരു പൊതു പരിപാടിയില്‍ പട്ടയം വിതരണം ചെയ്യാന്‍ എത്തിയപ്പോള്‍ പട്ടയം ലഭിക്കാത്തതില്‍ ക്ഷുഭിതയായ ഒരു യുവതി അദ്ദേഹത്തോട് ചില ചോദ്യങ്ങള്‍ ചോദിച്ചു. ഇതില്‍ കുപിതനായാണ് മന്ത്രി അടിച്ചത്.
അടികൊണ്ട യുവതി ഉടന്‍ മന്ത്രിയുടെ കാല് പിടിച്ചു. മന്ത്രി അവരോട് പിന്നീട് മാപ്പുപറഞ്ഞു.
റവന്യൂ വകുപ്പിന് കീഴിലുള്ള പ്ലോട്ട് അനുവദിക്കാത്തതിന്റെ ദുരിതം വിവരിക്കാന്‍ മന്ത്രിയെ സമീപിച്ചെന്നും അപ്പോഴാണ് സോമണ്ണ തന്നെ തല്ലിയതെന്നും യുവതി പറയുന്നു.കര്‍ണാടക ലാന്‍ഡ് റവന്യൂ നിയമത്തിലെ സെക്ഷന്‍ 94 സി പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ 175 ഓളം പേര്‍ക്ക് പട്ടയത്തിന് അര്‍ഹതയുണ്ട്.
ഈ പരിപാടിക്കായി വി സോമണ്ണ വൈകിട്ട് 3.30ന് എത്തേണ്ടതായിരുന്നുവെങ്കിലും രണ്ട് മണിക്കൂര്‍ വൈകി.
ഇതാദ്യമായല്ല ഒരു ബി.ജെ.പി മന്ത്രി പരസ്യമായി ജനങ്ങളെ അധിക്ഷേപിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നിയമമന്ത്രി ജെ.സി.മധുസ്വാമി ഒരു കര്‍ഷകയായ സ്ത്രീയെ പൊതുദര്‍ശനത്തിനുവെച്ച് അധിക്ഷേപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.