''സ്ത്രീകള്‍ക്ക് 2,000 രൂപ കൊടുക്കുന്നതിനാല്‍ പുരുഷന്‍മാര്‍ക്ക് രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കണം'': കര്‍ണാടക എംഎല്‍എ

Update: 2025-03-19 12:55 GMT

ബംഗളൂരു: സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചതിനാലും മാസം 2,000 രൂപ നല്‍കുന്നതിനാലും പുരുഷന്‍മാര്‍ക്ക് ആഴ്ച്ചയില്‍ രണ്ടു കുപ്പി മദ്യം സൗജന്യമായി നല്‍കണമെന്ന് കര്‍ണാടക എംഎല്‍എ. ജനതാദള്‍(സെകുലര്‍) എംഎല്‍എയായ എം ടി കൃഷ്ണപ്പയാണ് ചൊവ്വാഴ്ച്ച നിയമസഭയില്‍ ഈ ആവശ്യം ഉന്നയിച്ചത്.

'' പുരുഷന്‍മാരുടെ ചെലവില്‍, നിങ്ങള്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 രൂപയും സൗജന്യ വൈദ്യുതിയും സൗജന്യ ബസ് യാത്രയും നല്‍കുന്നു. എന്തായാലും അത് പുരുഷന്‍മാരുടെ പണമാണ്. അപ്പോള്‍, മദ്യപിക്കുന്നവര്‍ക്ക്, ആഴ്ചയില്‍ രണ്ട് കുപ്പി മദ്യം സൗജന്യമായി നല്‍കുക. അവര്‍ കുടിക്കട്ടെ. അവര്‍ക്ക് എന്തെങ്കിലും നല്‍കുക, ആഴ്ചയില്‍ രണ്ട് കുപ്പി. അതില്‍ എന്താണ് തെറ്റ്?''-എം ടി കൃഷ്ണപ്പ ചോദിച്ചു.

നിരവധി എംഎല്‍എമാര്‍ മദ്യം കഴിക്കുന്നവരാണ്. അതിനാല്‍, സൗജന്യ മദ്യം സൊസൈറ്റികള്‍ വഴി വിതരണം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

എന്നാല്‍, ഈ വാദത്തെ വനിതകള്‍ അടക്കമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ എതിര്‍ത്തു. തിരഞ്ഞെടുപ്പില്‍ വിജയിച്ച് സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം നിങ്ങള്‍ അത് ചെയ്യൂ എന്നാണ് ഊര്‍ജമന്ത്രി കെ ജെ ജോര്‍ജ് അഭിപ്രായപ്പെട്ടത്. രണ്ട് കുപ്പി മദ്യം നല്‍കാതെ തന്നെ സര്‍ക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും മദ്യം കൂടി നല്‍കിയാല്‍ എന്തു സംഭവിക്കുമെന്നും സ്പീക്കര്‍ യു ടി ഖാദര്‍ ചോദിച്ചു.