യുപിയുടെ വഴിയേ കര്‍ണാടകയും; പലഹാരം എടുത്തതിന് 10 വയസ്സുകാരനെ തല്ലിക്കൊന്നു

പ്രാദേശിക ബിജെപി നേതാവായ ശിവരുദ്രപ്പക്കെതിരെ ഹരീഷയ്യയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുത്തില്ല

Update: 2021-03-25 06:47 GMT

ഹാവേരി (കര്‍ണാടക): ക്രൂരതയുടെ കാര്യത്തില്‍ ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിന്റെ വഴിയേ ബിജെപി ഭരിക്കുന്ന കര്‍ണ്ണാടകയും. ചായക്കടയില്‍ നിന്നും പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് ക്രൂരമര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ ആശുപത്രിയില്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ ഹാവേരി ജില്ലയിലെ ഹരീഷയ്യ ആണ് കൊല്ലപ്പെട്ടത്.


കഴിഞ്ഞ 16ന് പച്ചക്കറി വാങ്ങാനാണ് ഹരീഷയ്യയെ മാതാവ് ചന്തയിലേക്ക് അയച്ചത്. അടുത്തുള്ള കടയില്‍ നിന്നും പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് പറഞ്ഞ് കടയുടമ ശിവരുദ്രപ്പ കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അതിനു ശേഷം സമീപത്തു വീടു നിര്‍മാണത്തിനെടുത്ത കുഴിയില്‍ ഇറക്കി ഇരുത്തി മുതുകില്‍ ഭാരമുള്ള പാറക്കല്ല് കെട്ടിവക്കുകയും ചെയ്തു.


മകനെ തിരഞ്ഞ് അച്ഛന്‍ നാഗയ്യ എത്തിയപ്പോള്‍ 'അവന്‍ പാഠം പഠിക്കട്ടെ' എന്നു പറഞ്ഞു തിരിച്ചയച്ചു. പിറകെ വന്ന മാതാവ് ജയശ്രീ മകന്റെ അവസ്ഥ കണ്ട് ബഹളം വച്ചപ്പോള്‍ ശിവരുദ്രപ്പയും വീട്ടുകാരും അവരെ മര്‍ദിച്ച് അവശയാക്കി. പിന്നീടാണു കുട്ടിയെ വിട്ടുകൊടുത്തത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടി ഒരാഴ്ച്ചക്കു ശേഷം മരിക്കുകയായിരുന്നു. കുട്ടിയുടെ ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണു അതിക്രൂരത പുറത്തറിഞ്ഞത്.

പ്രാദേശിക ബിജെപി നേതാവായ ശിവരുദ്രപ്പക്കെതിരെ ഹരീഷയ്യയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് കേസെടുത്തില്ല. കുട്ടി മരിച്ച ശേഷമാണ് കേസെടുക്കാന്‍ പോലീസ് തയ്യാറായത്.




Tags:    

Similar News