ട്രാക്റ്റര്‍ റാലിയുടെ റൂട്ടിന് അനുമതി ലഭിച്ചില്ലെന്ന് കര്‍ഷക സമര സമിതി നേതാക്കള്‍

Update: 2021-01-25 14:45 GMT

ന്യൂഡല്‍ഹി: റിപബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍റാലി കടന്നുപോകുന്ന റൂട്ടിന് ഇതുവരെയും ഡല്‍ഹി പോലിസ് അനുമതി നല്‍കിയിട്ടില്ലെന്ന് കര്‍ഷക സമരസമിതി നേതാക്കള്‍.

കര്‍ഷക സംഘടനകള്‍ സമര്‍പ്പിച്ച റൂട്ടില്‍ നിന്ന് വ്യത്യസ്തമായ റൂട്ടാണ് പോലിസ് നല്‍കിയിരിക്കുന്നത്. അതില്‍ കര്‍ഷക സംഘടനകള്‍ക്ക് വിയോജിപ്പുണ്ട്. സംഘടനകള്‍ യോഗം ചേര്‍ന്ന് റാലി കടന്നുപോകുന്ന റൂട്ട് പ്രഖ്യാപിക്കുമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് സമിതി നേതാവ് എസ് എസ് പന്‍ധാര്‍ പറഞ്ഞു.

ഞങ്ങള്‍ ഡല്‍ഹി പോലിസിനോട് റൂട്ട് അംഗീകരിക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അംഗീകരിച്ചിട്ടില്ല. ഞങ്ങള്‍ നല്‍കിയ റൂട്ട് അംഗീകരിക്കുകയാണെങ്കില്‍ മുതിര്‍ന്ന നേതാക്കളുമായി സംസാരിക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതായിരിക്കും നല്ലത്. നേരത്തെ തീരുമാനിച്ച അതേ റൂട്ടിലൂടെയായിരിക്കും ട്രാക്ടര്‍ റാലി കടന്നുപോവുക-അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ട്രാക്ടറുകള്‍ ഡല്‍ഹിയിലൂടെ മാര്‍ച്ച് നടത്തുമെന്നാണ് സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നത്തോടെത്തന്നെ അതിര്‍ത്തിയിലെ ഹൈവേകളില്‍ ട്രാക്ടറുകള്‍ കിലോമീറ്ററുകളോളം ദൂരത്തില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും ട്രാക്ടറുകളുമായി കര്‍ഷകരെത്തുന്നത്.

Tags:    

Similar News