ആത്മ വിമര്‍ശനത്തിലൂടെ നവീകരണം സാധ്യമാക്കണം:കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

സഭാനവീകരണകാലം സഭകള്‍ തമ്മിലും, വൈദിക മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അത്മായ രും തമ്മിലുമുള്ള അകലം കുറക്കുന്നതിനുള്ള അവസരമായി മാറ്റണം

Update: 2022-06-08 09:40 GMT

കൊച്ചി : സഭാസംവിധാനങ്ങളും സംഘടനകളും മെത്രാന്മാരും വൈദികരും സന്യസ്തരും കുടുംബങ്ങളും ആത്മവിമര്‍ശനത്തോടെ സ്വയം നവീകരിക്കപ്പെടാന്‍ ആഗ്രഹിക്കുകയും പ്രവൃത്ത്യുന്മുഖരായി സഭയെ നവീകരിക്കുകയും വേണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന കേരള സഭാനവീകരണകാലം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊവിഡ്കാലം പൊതുസമൂഹത്തിലെന്നതുപോലെ സഭാതലത്തിലും പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനിടയാക്കി. കൊവിഡ് പ്രതിസന്ധി പൂര്‍ണ്ണമായും മാറിയിട്ടില്ലെങ്കിലും ജാഗ്രതയോടെ ഒരുമിച്ചുകൂടുന്നതിനും പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും തടസ്സമില്ലാതായി തീര്‍ന്നിട്ടുള്ളതിനാല്‍ ഇടവകളും സ്ഥാപനങ്ങളും സംഘടനകളും കൂടുതല്‍ തീക്ഷ്ണതയോടെ സുവിശേഷ പ്രഘോഷണദൗത്യം നിര്‍വ്വഹിക്കാന്‍ പ്രവര്‍ത്തനപദ്ധതികള്‍ രൂപപ്പെടുത്തുകയും, തിരുത്തപ്പെടേണ്ട മേഖലകളെ പ്രത്യേകം കണ്ടെത്തി പരിഹരിച്ച് സുതാര്യവും നിര്‍മ്മലവുമായ സഭാസമൂഹത്തെ കൂടുതല്‍ ശോഭയോടെ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയും വേണം.

മൂന്നുവര്‍ഷം നീണ്ടുനില്ക്കുന്ന സഭാനവീകരണകാലം സഭകള്‍ തമ്മിലും, വൈദിക മേലധ്യക്ഷന്മാരും വൈദികരും സന്യസ്തരും അത്മായ സഹോദരരും തമ്മിലുമുള്ള അകലം കുറക്കുന്നതിനും സൗഹൃദം ആഴപ്പെടുത്തുന്നതിനും അനുരഞ്ജനത്തിനും തുറവിയോടെയുള്ള പങ്കുവയ്ക്കലിനുമുള്ള അവസരമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ് വര്‍ഗ്ഗീസ് ചക്കാലയ്ക്കല്‍ ,ബിഷപ്പ് ജോസഫ് മാര്‍ തോമസ് സംസാരിച്ചു.

Tags:    

Similar News