കോണ്‍ഗ്രസ്-ബിജെപി ഇതര സര്‍ക്കാര്‍:സ്റ്റാലിനുമായി ചന്ദ്രശേഖര റാവു കൂടിക്കാഴ്ച നടത്തി

കോണ്‍ഗ്രസ് ബിജെപി ഇതര മുന്നണി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര റാവു എത്തിയത്. എന്നാല്‍, ചന്ദ്രശേഖര റാവുവിന്റെ നിര്‍ദ്ദേശത്തെ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിന്‍ പിന്തുണച്ചില്ലെന്നാണ് സൂചന.

Update: 2019-05-14 03:12 GMT

ചെന്നൈ: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയില്‍ ആയിരുന്നു ഇരുവരുടേയും കൂടിക്കാഴ്ച. കോണ്‍ഗ്രസ് ബിജെപി ഇതര മുന്നണി സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് കെസിആര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചന്ദ്രശേഖര റാവു എത്തിയത്. എന്നാല്‍, ചന്ദ്രശേഖര റാവുവിന്റെ നിര്‍ദ്ദേശത്തെ കൂടിക്കാഴ്ചയ്ക്കിടെ സ്റ്റാലിന്‍ പിന്തുണച്ചില്ലെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കു ശേഷം ചന്ദ്രശേഖര റാവു മാധ്യമങ്ങളെ കാണാതെ മടങ്ങി.

അതേസമയം, സ്റ്റാലിനെ ചന്ദ്രശേഖര റാവു അദ്ദേഹത്തിന്റെ വസതിയിലേക്ക് ക്ഷണിച്ചതായി ഡിഎംകെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ നേരത്തെതന്നെ നിര്‍ദേശിച്ച സ്റ്റാലിന്‍ ആ നിലപാടില്‍ ഉറച്ചുനിന്നുവെന്നാണ് സൂചന. ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളും ഒരു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസ് - ബിജെപി ഇതര സര്‍ക്കാര്‍ രൂപവല്‍ക്കരിക്കുന്നതിനുള്ള നീക്കങ്ങളുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനുമായും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായും ചന്ദ്രശേഖര റാവു നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

Tags:    

Similar News