എം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ടെ എം ടിയുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിച്ചത്. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, സിപിഎം നേതാവ് ഇപി ജയരാജന്‍, മേയര്‍ ബീന ഫിലിപ്പ്, ജില്ല കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവര്‍ മുഖ്യമന്ത്രിയ്ക്കൊപ്പം ഉണ്ടായിരുന്നു.
ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് എം ടി വാസുദേവന്‍ നായരുടെ വിയോഗം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടയില്‍ ഹൃദയാഘാതവും സംഭവിച്ചിരുന്നു.
എം.ടിയുടെ വേര്‍പാടില്‍ അനുശോചിച്ച് സംസ്ഥാനത്ത് രണ്ടു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച ചേരാനിരുന്ന മന്ത്രിസഭായോഗം ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ പരിപാടികളും മാറ്റിവെച്ചിരിക്കുകയാണ്.
മലയാളത്തിന്റെ വിഖ്യാത സാഹിത്യകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ നിരവധി ആളുകളാണ് കോഴിക്കോട്ടെ വീട്ടിലേക്ക് ഓഴുകിയെത്തുന്നത്. വൈകിട്ട് നാലു വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം അഞ്ചു മണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം.