നാടണയാന്‍ ശ്രമിക്കുന്ന പ്രവാസികള്‍ക്ക് തടസ്സം കേരള സര്‍ക്കാര്‍
കോവിഡ് -19 വ്യാപനം ആരംഭിക്കുമ്പോള്‍തന്നെ കുവൈത്തും യുഎഇയും അത്യാവശ്യക്കാരെ നാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ആദ്യം തടസ്സ വാദം ഉന്നയിച്ചത് പിണറായി സര്‍ക്കാര്‍ ആയിരുന്നു.
കബീര്‍ എടവണ്ണ
ദുബയ്: ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നത് കേരള സര്‍ക്കാരിന്റെ നിയമങ്ങള്‍. രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും സ്വന്തം വീടണയാന്‍ ശ്രമിക്കുമ്പോള്‍ തിരിച്ചടിയാകുന്നത് നോര്‍ക്ക അടക്കമുള്ള കേരള സര്‍ക്കാര്‍ സംവിധാനങ്ങളാണ്. എങ്ങനെയെങ്കിലും നാടണയാന്‍ ശ്രമിക്കുമ്പോഴാണ് കേരള സര്‍ക്കാര്‍ ഓരോ നിബന്ധനകളുമായി വരുന്നത്. കോവിഡ് -19 വ്യാപനം ആരംഭിക്കുമ്പോള്‍തന്നെ കുവൈത്തും യുഎഇയും അത്യാവശ്യക്കാരെ നാട്ടിലേക്കയക്കാന്‍ ശ്രമം നടത്തിയപ്പോള്‍ ആദ്യം തടസ്സ വാദം ഉന്നയിച്ചത് പിണറായി സര്‍ക്കാര്‍ ആയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേരളത്തിലേക്ക് ആദ്യ ഘട്ടമായി 90 വിമാനങ്ങള്‍ അനുവദിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ 33 വിമാനങ്ങള്‍ മാത്രം മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. പ്രവാസികള്‍ ക്വോറന്റെന്‍ ചിലവ് സ്വന്തം വഹിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പിണറായി പിന്നീട് രംഗത്തിറങ്ങിയത്. ഗള്‍ഫ് മലയാളികള്‍ പ്രതിഷേധം ശക്തമാക്കിയതോടെ മുഖ്യമന്ത്രി നിലപാട് മാറ്റുകയായിരുന്നു. പ്രവാസി മലയാളികളെ വീണ്ടും കൊണ്ട് വരാതിരിക്കാന്‍ ആന്റിബോഡി ടെസ്റ്റ് നടത്തണമെന്നാണ് വീണ്ടും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധം ശക്തമായതോടെ ഈ നിലപാടും പിണറായി മാറ്റി.