ലോക്ക് ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കി

Update: 2020-05-06 14:40 GMT

തിരുവനന്തപുരം: രാജ്യത്ത് പല കേന്ദ്രങ്ങളിലും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കേരളീയര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലി ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലാണ്. നിരീക്ഷണ കേന്ദ്രങ്ങളാക്കാന്‍ ഹോസ്റ്റലുകള്‍ ഈ മാസം 15നു മുന്‍പ് ഒഴിയണമെന്നാണ് അവര്‍ക്കു ലഭിച്ച നിര്‍ദേശം. പെണ്‍കുട്ടികളടക്കം 40 വിദ്യാര്‍ത്ഥികളുണ്ട്.

ഈ സാഹചര്യത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണം കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികളെ കേരളത്തിലെത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുകയാണ്. പ്രത്യേക നോണ്‍സ്‌റ്റോപ്പ് ട്രെയിനില്‍ ഇവരെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഈ നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് ഇന്ന് കത്തയച്ചു.

സര്‍ക്കാരിന് ലഭിച്ച കണക്കുകളനുസരിച്ച് 1177 മലയാളി വിദ്യാര്‍ത്ഥികള്‍ തിരിച്ചുവരാനായി ഈ നാല് സംസ്ഥാനങ്ങളിലുണ്ട്. 723 പേര്‍ ഡല്‍ഹിയിലും 348 പേര്‍ പഞ്ചാബിലും 89 പേര്‍ ഹരിയാനയിലുമാണ്. ഹിമാചലില്‍ 17 പേരുണ്ട്. ഡല്‍ഹിയില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയിന്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ഡല്‍ഹിയിലെത്തിക്കാന്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങള്‍ നടപടിയെടുക്കണം എന്ന് അഭ്യര്‍ത്ഥിച്ചു.

ഇത് സംബന്ധിച്ച് റെയില്‍വെയുമായി ഔപചാരികമായി ബന്ധപ്പെടാന്‍ ഡല്‍ഹി മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രത്യേക ട്രെയിനിന്റെ തിയ്യതി ലഭിക്കുകയാണെങ്കില്‍ അതിനനുസരിച്ച് വിദ്യാര്‍ത്ഥികളെ മുഴുവന്‍ ഡല്‍ഹിയില്‍ ഒരു കേന്ദ്രത്തിലെത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യും. കേന്ദ്ര ഗവണ്‍മെന്റുമായും ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തുന്നുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ഇതുവരെ എത്തിയവര്‍ 6802 ആണ്. 20,31,89 പേര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പാസിന് ആവശ്യപ്പെട്ടത് 69,108 പേരാണ്. 38,862 പാസുകള്‍ വിതരണം ചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് 4298 പേരും കര്‍ണാടകത്തില്‍നിന്ന് 2120 പേരും മഹാരാഷ്ട്രയില്‍നിന്ന് 98 പേരുമാണ് വന്നിട്ടുള്ളത്. ഈ മൂന്നു സംസ്ഥാനങ്ങളില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ രജിസ്‌ട്രേഷനുള്ളത്.

മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വാളയാര്‍ ചെക്ക്‌പോസ്റ്റിലൂടെ മാത്രം 4369 പേരും മഞ്ചേശ്വരം ചെക്ക്‌പോസ്റ്റിലൂടെ 1637 പേരും വന്നു. ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുടെ എണ്ണം 576 ആണ്. ലോക്ക് ഡൗണ്‍ കാരണം മാതാപിതാക്കളില്‍നിന്ന് മാറിനില്‍ക്കേണ്ടിവന്ന 163 കുട്ടികള്‍ തിരിച്ചെത്തിയവരുടെ കൂട്ടത്തിലുണ്ട്. സംസ്ഥാനത്ത് അടിയന്തര ചികില്‍സയ്ക്കായി 47 പേരെത്തി. 66 ഗര്‍ഭിണികളാണ് വന്നത്.

അന്യസംസ്ഥാനത്തുനിന്ന് കേരളത്തിലേക്ക് വരുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുന്നത് ഉറപ്പുവരുത്തണം. ഇപ്പോള്‍ ഉള്ള സ്ഥലം ഹോട്ട് സ്‌പോട്ടാണെങ്കില്‍ തിരിച്ചെത്തിയാല്‍ സംസ്ഥാനം ഏര്‍പ്പെടുത്തുന്ന ക്വാറന്റീനില്‍ 7 ദിവസം കഴിയണം. വിദേശത്തുനിന്നും മറ്റും സംസ്ഥാനങ്ങളില്‍നിന്നും വരുന്ന ഗര്‍ഭിണികള്‍ക്ക് വീടുകളില്‍ പോകാവുന്നതാണ്. അവര്‍ വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയേണ്ടത്.

ഇപ്പോള്‍ ഉള്ള സംസ്ഥാനത്തുനിന്ന് യാത്രാ അനുമതി ലഭ്യമായശേഷം (അല്ലെങ്കില്‍ ആവശ്യമില്ല എന്ന് ഉറപ്പാക്കിയതിനുശേഷം) കേരളത്തിലെ ഏത് ജില്ലയിലേക്കാണോ വരേണ്ടത്, ആ ജില്ലയിലേക്കുള്ള യാത്രാനുമതിക്കായിcovid19jagratha.kerala.nic.inഎന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

നോര്‍ക്ക രജിസ്‌ട്രേഷന്‍ നമ്പരോ മൊബൈല്‍ നമ്പരോ ഇതിനായി ഉപയോഗിക്കാം. വരുന്ന വാഹനത്തിന്റെ വിശദാംശങ്ങളും ലഭ്യമാക്കണം. പാസില്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ തീയതിയില്‍ അതിര്‍ത്തിയില്‍ എത്തുന്ന വിധത്തില്‍ യാത്ര ആരംഭിക്കാവുന്നതാണ്. വരുന്ന ജില്ലയില്‍നിന്നും എത്തിച്ചേരേണ്ട ജില്ലയില്‍നിന്നും പാസ് ഉണ്ടാകണം.

ബന്ധുക്കളെ സന്ദര്‍ശിക്കാനും മറ്റുമായി കേരളത്തിലെത്തി കുടുങ്ങിപ്പോയ മലയാളികള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ സ്വന്തം വീട്ടിലേക്ക് മടങ്ങാനാകാത്ത സ്ഥിതിയുണ്ട്. ഇവര്‍ക്ക് പോകേണ്ട സംസ്ഥാനങ്ങളുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് യാത്ര ചെയ്യാവുന്നതാണ്. പാസ് ഇവിടെ ലഭ്യമാക്കും.


Tags:    

Similar News