ശബരി പദ്ധതി വൈകുന്നതിന് ഉത്തരവാദി കേരള സര്‍ക്കാര്‍; വിമര്‍ശനവുമായി കേന്ദ്ര റെയില്‍വേ മന്ത്രി

Update: 2022-08-01 13:25 GMT

ന്യൂഡല്‍ഹി: ശബരി റെയില്‍ പദ്ധതി വൈകുന്നതിനു സംസ്ഥാന സര്‍ക്കാരാണ് ഉത്തരവാദിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കുന്നതിലും വാഗ്ദാനം ചെയ്ത 50 ശതമാനം ഓഹരി പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും കേരള സര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് ശബരി പദ്ധതി വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസ് എംപി ജെബി മേത്തറുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിക്ക് 1997-98 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ അനുമതി നല്‍കിയത്.

അങ്കമാലി മുതല്‍ രാമപുരം വരെയുള്ള 70 കിലോമീറ്ററിന്റെ സര്‍വേ 2002ല്‍ പൂര്‍ത്തിയാക്കി. ജനങ്ങളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ സര്‍വേ 2007ല്‍ നിര്‍ത്തിവച്ചു. സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച തര്‍ക്കവും, കോടതിക്കേസുകളും, സംസ്ഥാന സര്‍ക്കാരിന്റെ ഉദാസീനതയുമാണ് പദ്ധതി ഇത്രയും നീണ്ടുപോവാന്‍ കാരണമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പദ്ധതിയില്‍ അമ്പത് ശതമാനം ഓഹരി പങ്കാളിത്തം സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ച് ധാരണാപത്രം ഒപ്പിട്ടുവെങ്കിലും പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറി. വാഗ്ദാനം ചെയ്ത തുകയും നല്‍കിയില്ല.

നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം 2021 ജനുവരി 7ന് അമ്പത് ശതമാനം പങ്കാളിത്തത്തിന് സംസ്ഥാന സര്‍ക്കാര്‍ സന്നദ്ധത അറിയിക്കുകയും പണം കിഫ്ബിയില്‍ വകയിരുത്തുകയും ചെയ്തു. കേരള റെയില്‍ വികസന കോര്‍പറേഷന്‍ തയ്യാറാക്കി 2022 ജൂണ്‍ 23ന് സമര്‍പ്പിച്ച വിശദമായ പദ്ധതിരേഖയും എസ്റ്റിമേറ്റും റെയില്‍വേ പരിശോധിച്ചുവരികയാണ്. പുതിയ എസ്റ്റിമേറ്റ് പ്രകാരം പദ്ധതിയുടെ അടങ്കല്‍ 3448 കോടി രൂപയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags:    

Similar News