തീരദേശ ഹൈവേ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം; ഇങ്ങനെ ഒരു പാത എന്തിനെന്നും വിഡി സതീശന്‍

Update: 2024-07-19 08:28 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ തീരദേശ ഹൈവേ പദ്ധതിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിഷയം യുഡിഎഫ് വിശദമായി ചര്‍ച്ച ചെയ്തുവെന്ന് പറഞ്ഞ അദ്ദേഹം ഡിപിആര്‍ ഇല്ലാത്ത പദ്ധതിയാണിതെന്ന് കുറ്റപ്പെടുത്തി. പാരിസ്ഥിതികസാമൂഹിക ആഘാത പഠനം നടത്തിയിട്ടില്ല. ടൂറിസം വികസനമെന്ന പേരില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതി മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും. എന്ത് ആവശ്യത്തിനാണ് ഇങ്ങനെ ഒരു റോഡ് എന്ന് സര്‍ക്കാര്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ച്ച് 66 പല മേഖലയിലും തീരദേശം വഴിയാണ് പോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നെയെന്തിനാണ് തീരദേശ ഹൈവേ? പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കല്‍ നടത്തിയാല്‍ അവര്‍ക്ക് പകരം നല്‍കാന്‍ ഭൂമിയുണ്ടാകില്ല. കേരളത്തില്‍ 63% തീരപ്രദേശവും വലിയ പ്രതിസന്ധിയിലാണ്. തീരശോഷണം വന്‍തോതില്‍ നടക്കുന്ന ഇടത്ത് ദേശീയപാത പ്രായോഗികമല്ല. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നമുണ്ടാകും.

മത്സ്യത്തൊഴിലാളികളുടെ ആവാസ വ്യവസ്ഥയെ പുതിയ ഹൈവേ പ്രതികൂലമായി ബാധിക്കും. പദ്ധതിക്ക് വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്കുള്ള പാക്കേജ് നിലവിലുള്ളതിന്റെ മൂന്നിലൊന്ന് പോലും വരുന്നില്ല. തീരദേശ വാസികളെ രണ്ടാംകിട പൗരന്മാരായാണോ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് നിലവില്‍ തീരദേശത്തുള്ള റോഡുകള്‍ നവീകരിച്ച് ദേശീയപാതയുമായി ബന്ധിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ദേശീയ ജലപാത പദ്ധതി കോടികള്‍ ചെലവഴിച്ചിട്ടും എവിടെയും എത്തിയിട്ടില്ല. തീരദേശത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Tags:    

Similar News