ആ ബിഗ് സല്യൂട്ട് കേരള പോലീസും അംഗീകരിച്ചു

നിസാറിന്റെ സല്യൂട്ട് സേനയെ അപമാനിക്കാന്‍ ചെയ്തതല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കിയത്.

Update: 2020-08-11 18:34 GMT

മലപ്പുറം: കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കില്ല. പൊലീസിന്റെ വകുപ്പുതല അന്വേഷണത്തിനു ശേഷമാണ് തീരുമാനം. മലപ്പുറം കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ നിസാര്‍ അരിപ്ര കരിപ്പൂര്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കിയതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ നീക്കമുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരില്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. മലപ്പുറം കലക്ടര്‍ക്കും ഇതു സൂചിപ്പിച്ച് പലരും സന്ദേശമയച്ചിരുന്നു.


നിസാറിന്റെ സല്യൂട്ട് സേനയെ അപമാനിക്കാന്‍ ചെയ്തതല്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ ജില്ലാ പോലീസ് ചീഫിന് റിപ്പോര്‍ട്ട് നല്‍കിയത്. ഇതോടെയാണ് നടപടി വേണ്ടെന്നു വച്ചത്. കരിപ്പൂര്‍ വിമാനാപകട സ്ഥലത്ത് നിസാറും ഡ്യൂട്ടിയിലുണ്ടായിരുന്നു. പിന്നീട് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ ക്വാറന്റീനില്‍ പോയപ്പോള്‍ അവര്‍ കഴിയുന്ന 4 വീടുകളിലെത്തിയിരുന്നു. അവരോട് വിവരങ്ങള്‍ അന്വേഷിച്ച് മടങ്ങുമ്പോള്‍ രണ്ടു വീടുകളില്‍ താമസിച്ചവര്‍ക്ക് സല്യൂട്ട് നല്‍കി. ഇത് രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരള പൊലീസിന്റെ ബിഗ് സല്യൂട്ട് എന്ന പേരില്‍ പ്രചരിച്ചതോടെയാണ് വകുപ്പുതല അന്വേഷണം ആരംഭിച്ചത്. ഈ ചിത്രം സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കുവെച്ചിരുന്നു.




Tags:    

Similar News